SV Motors SV Motors

പെരിയയിലെ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹം ഇന്ന്; ശരത് ലാല്‍-കൃപേഷ് നോവിന്റെ ഓര്‍മയിലാണ് വിവാഹമെന്ന് സത്യനാരായണന്‍; നാടിന്റെ ആഘോഷമാക്കാന്‍ ഒരുങ്ങി നാട്ടുകാര്‍

കാഞ്ഞങ്ങാട്: കാസർകോട് പെരിയയിൽ സിപിഎം കൊലക്കത്തിക്ക് ഇരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാളായ ശരത് ലാലിന്റെ സഹോദരി അമൃതക്ക് ഇന്ന് വിവാഹം. കാഞ്ഞങ്ങാട് മാവുങ്കലില്‍ രാവിലെ 11.30 നുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഗള്‍ഫില്‍ ജോലിയുള്ള നാട്ടുകാരനായ മുകേഷാണ് വരന്‍. സിപിഎം ആക്രമണത്തില്‍ ശരത് ലാലും കെ.പി.കൃപേഷും കൊല്ലപ്പെട്ട് അഞ്ച് വര്‍ഷം തികയുന്ന വേളയിലാണ് വിവാഹം. ശരത് ലാലിന്റെ ഒരേ ഒരു സഹോദരിയാണ് അമൃത. അതുകൊണ്ട് തന്നെ നാടിന്റെ ആഘോഷമായാണ് വിവാഹം നടക്കുന്നത്. കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ മിക്കവരും ശരത് ലാലിന്റെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വീട്ടിലെത്തി അമൃതയെ കണ്ടിരുന്നു. കുറേസമയം വീട്ടില്‍ സമയം ചിലവിട്ടാണ് സതീശനും കോണ്‍ഗ്രസ് നേതാക്കളും മടങ്ങിയത്.

രണ്ട് കുടുംബങ്ങളും തമ്മില്‍ പരിചയമുണ്ട്. ആലോചന വന്നപ്പോള്‍ ഞങ്ങള്‍ വിവാഹത്തിന് തീരുമാനിക്കുകയായിരുന്നു- ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. “വീടിന് തുണയാകേണ്ടിയിരുന്ന ശരത് ലാല്‍ ഇല്ലാതെയാണ് വിവാഹം. അതിന്റെ നോവ് ഞങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ മിക്കവരും വീട്ടിലേക്ക് വന്നിരുന്നു. ഇന്ന് കെപിസിസി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തും. ശരത് ലാല്‍ കാത്തിരുന്ന സുദിനമാണ് ഇന്നത്തേത്. ശരത് ലാലും കൃപേഷും, ഇരുവരും ഇല്ലാതെ പോയി. ശരത് ലാലിനേയും കൃപേഷിനെയും കൊന്ന കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണ്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷവും രണ്ട് മാസവുമായി ഇപ്പോള്‍ വിചാരണ തുടരുകയാണ്. അതിന്റെ വിധി വരട്ടെ.” – സത്യനാരായണന്‍ പറഞ്ഞു.

2019 ഫെബ്രുവരി 17-നാണ് കല്ല്യോട്ട് ഇരട്ടക്കൊലപാതകം നടന്നത്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് സിപിഎം സംഘം ശരത് ലാലിനേയും കെ.പി.കൃപേഷിനെയും വെട്ടിക്കൊല്ലുകയായിരുന്നു. കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ട സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ക്ഷേത്രത്തില്‍ സജീവമായി ഇരുവരുമുണ്ടായ അതേ ദിവസമാണ് മടങ്ങുംവഴി ഇവര്‍ ആക്രമിക്കപ്പെട്ടത്. കാഞ്ഞങ്ങാട് മുഴുവന്‍ കരഞ്ഞ ദിവസമായിരുന്നു ആ ഫെബ്രുവരി 17. അത്രമാത്രം നാട്ടില്‍ സജീവമായിരുന്ന രണ്ട് യുവാക്കളാണ് കൊലക്കത്തിക്ക് ഇരയായത്. രണ്ടു കുടുംബങ്ങളുടെയും പ്രതീക്ഷകളുമായിരുന്നു ഇവർ. ഏത് വിശേഷവും കുടുംബാംഗങ്ങൾക്കൊപ്പം ഓണം പോലെ ആഘോഷമാക്കിയവർ. ഇവരുടെ വിലാപയാത്രയില്‍ നാട് മുഴുവന്‍ ഒഴുകിയെത്തിയിരുന്നു.

ഇരട്ടക്കൊലക്കേസ് ആദ്യം ലോക്കല്‍ പോലീസാണ് ഏറ്റെടുത്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഒടുവില്‍ കുടുംബം കോടതിയിലെത്തിയതോടെ കേസ് സിബിഐയ്ക്ക് വിട്ടു. 2019 സെപ്റ്റംബര്‍ 30-ന് ആണ് കേസ് സിബിഐക്ക് വിട്ടത്. സിപിഎം നേതാവായ പീതാംബരനാണ് ഒന്നാം പ്രതി. മുന്‍ എംഎല്‍യും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും സിപിഎം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, ലോക്കല്‍ സെക്രട്ടറിമാരായിരുന്ന വെളുത്തോളി രാഘവന്‍, എന്‍. ബാലകൃഷ്ണന്‍ തുടങ്ങി 24 പ്രതികളാണ് സിബിഐയുടെ കുറ്റപത്രത്തിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top