സീറ്റ് ലക്ഷ്യമിട്ട് കൃഷ്ണകുമാർ, തലസ്ഥാനത്തിൻ്റെ വികസന നായകനായി രംഗപ്രവേശം; കഥയറിയാതെ ബിജെപി നേതൃത്വം
വീണ്ടും പാർലമെൻ്റ് സീറ്റ് ലക്ഷ്യമിട്ട് നടനും ബിജെപി ദേശീയ കൗൺസിലംഗവുമായ കൃഷ്ണകുമാർ. സംസ്ഥാന സർക്കാരിനെയും സംസ്ഥാന ബിജെപി നേതൃത്വത്തെയും കടത്തിവെട്ടി തലസ്ഥാന നഗരത്തിൻ്റെ പുതിയ വികസന നായകനാകാനാണ് ശ്രമം. തലസ്ഥാന നഗരത്തിലെ നിർദ്ദിഷ്ട ഈഞ്ചക്കൽ ഫ്ളൈഓവർ കൃഷ്ണകുമാറിൻ്റെ ശ്രമഫലമായാണെന്ന് അവകാശപ്പെടുന്ന പോസ്റ്ററുകൾ നഗരത്തിലുടനീളം നിറഞ്ഞു. എന്നാൽ പോസ്റ്ററുകളുമായി ബന്ധമില്ല എന്നാണ് കൃഷ്ണകുമാറിൻ്റെ പ്രതികരണം.
കഴക്കൂട്ടം – കാരോട് ദേശീയപാത കടന്നുപോകുന്ന ഈഞ്ചക്കലിലെ ഗതാഗതക്കുരുക്ക് കാലങ്ങളായി തിരുവന്തപുരത്തുകാരെ വലയ്ക്കുന്നതാണ്. ഇതിന് പരിഹാരമായി ഈഞ്ചക്കൽ ഫ്ളൈഓവറെന്ന പദ്ധതി കേരളം തന്നെ കേന്ദ്രത്തിൻ്റെ മുന്നിൽ വച്ചിട്ടുള്ളതാണ്. പദ്ധതി അനന്തമായി നീണ്ടപ്പോൾ സംസ്ഥാന ഗതാഗതമന്ത്രി ആൻ്റണി രാജു നേരിട്ട് ഡൽഹിയിലെത്തി ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ കാണുകയും പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ഇങ്ങനെയെല്ലാം ശ്രമങ്ങൾ പുരോഗമിക്കുമ്പോളാണ് കൃഷ്ണകുമാർ ചിത്രത്തിലേക്ക് കടന്നുകയറുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്രമന്ത്രിയെ നേരിൽകണ്ട കൃഷ്ണകുമാർ ഈഞ്ചക്കൽ അടക്കം ചില പദ്ധതികളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. മന്ത്രിയുടെയും നടൻ്റെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. ഇതിന് ശേഷം രണ്ട് മാസം പിന്നിടുമ്പോണ് നടൻ്റെ ഇടപെടലിനെ പ്രകീർത്തിച്ച് തലസ്ഥാന നഗരത്തിൽ പോസ്റ്ററുകൾ നിറയുന്നത്.
2021ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായാണ് കൃഷ്ണകുമാർ പൊതുരംഗത്ത് എത്തുന്നത്. തോറ്റെങ്കിലും അക്കൊല്ലം ഒക്ടോബറിൽ ബിജെപി ദേശീയ കൗൺസിലിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടു. അന്ന് മുതൽ കേരളത്തിലെ ബിജെപിക്കാരുടെ കണ്ണിൽ കരടായ കൃഷ്ണകുമാർ അടുത്തയിടെ ബിജെപി ദേശീയധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുത്ത പരിപാടിയിൽ തനിക്ക് വേദിയിൽ ഇടംകിട്ടിയില്ല എന്നാരോപിച്ച് കലഹിക്കുകയും ചെയ്തു. പരിപാടിയിൽ നിന്നിറങ്ങിപ്പോയ കൃഷ്ണകുമാർ, സംസ്ഥാന നേതൃത്വത്തിൽ നിന്നാരും തന്നെ ബന്ധപ്പെട്ടില്ലെന്ന് പരസ്യമായി പറയുകയും ചെയ്തു. ഇങ്ങനെയെല്ലാം കേരളത്തിലെ ബിജെപിക്ക് കീറാമുട്ടിയായി തുടരുമ്പോഴാണ്, അവരെ തന്നെ നോക്കുകുത്തിയാക്കി നാടിൻ്റെ വികസനനായകനായി കൃഷ്ണകുമാർ അവതരിക്കുന്നത്. ഒന്നും ചെയ്യാനില്ലാതെ നോക്കി നിൽക്കാനേ നേതാക്കൾക്ക് കഴിയുന്നുള്ളൂ. എല്ലാം തലയ്ക്കുമേലേ പറക്കുന്നോ എന്നാണ് ആശങ്ക. എന്നാലത് പരസ്യമായി പ്രകടിപ്പിക്കാൻ വയ്യാത്ത നിസഹായാവസ്ഥയും. പദ്ധതിയെക്കുറിച്ചോ കൃഷ്ണകുമാറിൻ്റെ ഇടപെടലിനെക്കുറിച്ചോ ഒന്നുമറിയില്ല എന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ് മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചത്.
ബിപെജിയുടെ പിന്തുണയില്ലാത്ത ഒറ്റയാൾ നീക്കമായതിനാൽ അവഗണിക്കുക എന്നതാണ് സർക്കാരിൻ്റെയും തലസ്ഥാനത്തെ സിപിഎമ്മിൻ്റെയും ലൈൻ. ബിജെപി ക്രെഡിറ്റെടുക്കാൻ ശ്രമിച്ചാൽ ഇടപെടും. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നടൻ്റെ നീക്കം എന്നതിലപ്പുറം പ്രാധാന്യം ആരും കൊടുക്കുന്നില്ല. ഇത്തവണ ബിജെപി സീറ്റ് കൊടുക്കുമോ എന്ന് ഉറപ്പില്ല താനും. അടുപ്പമുള്ളവർ വിളിക്കുന്ന കെകെജി എന്ന ചുരുക്കപ്പേരിൽ, കൃഷ്ണകുമാറിൻ്റെ ഫോട്ടോയും വച്ചുള്ള പോസ്റ്ററുകളാണ് പ്രചരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here