മകളെ ബലാത്സംഗം ചെയ്ത് കൊന്നയാളെ വെടിവച്ചു കൊന്ന പിതാവ്; ശങ്കനാരായണന് അന്ത്യയാത്ര നല്‍കി കേരളം

പതിമൂന്ന് വയസ് മാത്രമുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയ പിതാവ്. അങ്ങനെയാണ് മഞ്ചേരിയിലെ ചാരങ്കാവ് തെക്കേവീട്ടില്‍ ശങ്കരനാരായണനെ കേരളം അറിഞ്ഞത്. നിയമത്തിന്റെ മുന്നില്‍ തെറ്റാണെങ്കിലും മകള്‍ക്കായി നീതി നടപ്പാക്കി എന്ന നിലയില്‍ ആളുകള്‍ പ്രതികരിക്കുകയും ചെയ്തു.
ശങ്കരനാരായണന്‍ ഇന്നലെ രാത്രി മരിച്ചതോടെ പഴയ കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. 75 വയസായിരുന്ന ശങ്കരനാരായണന്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്. വെറും ഒരു ക്ഷീര കര്‍ഷകന്‍ മാത്രമായിരുന്ന ശങ്കരനാരായണന്റെ ഇളയ മകളായ കൃഷ്ണപ്രീയയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 2001 ഫെബ്രുവരിയിലായിരുന്നു ഇളയ മകള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തു വച്ചായിരുന്നു സംഭവം ഉണ്ടായത്.
അയല്‍വാസി കൂടിയായ കുന്നുമ്മൽ മുഹമ്മദ് കോയ എന്നയാളായിരുന്നു കൊല നടത്തിയത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ 2002 ജൂലൈയിൽ പ്രതി ജാമ്യത്തില്‍ ഇറങ്ങിയതോടെയാണ് അച്ഛന്‍ മകള്‍ക്ക് വേണ്ടി സ്വന്തം നിലയില്‍ നീതി നടപ്പാക്കിയത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ജൂലൈ 27ന് മുഹമ്മദ് കോയയെ ശങ്കരനാരായണന്‍ വെടിവച്ചു കൊന്നു. മഞ്ചേരി കോടതി മൂന്നുപേര്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കി. എന്നാല്‍ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ ഇവര്‍ മൂന്നുപേരേയും വെറുതെ വിട്ടു. താനാണ് കൊല നടത്തിയതെന്ന് ശങ്കനാരായണന്‍ ആരോടും ഇതുവരെ സമ്മതിച്ചിട്ടില്ല.
കേരളത്തില്‍ ഏറെ ചര്‍ച്ചയായ കേസായിരുന്നു ഇത്. പതിമൂന്നുകാരിയോടുള്ള ക്രൂരതയുടെ പേരില്‍ ശങ്കരനാരായണന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ഇന്നും ക്രൂരമായ ബലാത്സംഗ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ ശങ്കരനാരായണന്‍ നീതി നടപ്പാക്കിയതു പോലെ വേണം എന്ന് അഭിപ്രായം ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here