പൊന്നാനി ലീഗിന്റെ വാട്ടര്‍ലൂ ആകുമോ; ഏന്തുന്നത് ചെങ്കൊടിയെങ്കിലും ഹംസക്ക് പിന്നില്‍ സമസ്ത; വിമതന്‍ ജയിച്ചാല്‍ ചോദ്യം ചെയ്യപ്പെടുക ലീഗിന്റെ അസ്ഥിത്വം

മലപ്പുറം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ മത്സരഫലങ്ങളിലൊന്ന് പൊന്നാനിയിലായിരിക്കും. 1977 മുതല്‍ ലീഗിന്റെ കയ്യില്‍ ഭദ്രമായിരിക്കുന്ന സീറ്റ് പിടിച്ചടക്കാനാണ് സിപിഎം ഇക്കുറി ഒരുങ്ങുന്നത്. കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീര്‍ ഇവിടെ വിജയിച്ചത് എന്നൊന്നും ഇക്കുറി സിപിഎം കണക്കിലെടുക്കുന്നില്ല. കണക്കുകൂട്ടിയുള്ള നീക്കത്തിലൂടെ മണ്ഡലം പിടിക്കാനാണ് സിപിഎം ശ്രമം.
സ്ഥിരമായി കുഞ്ഞാലിക്കുട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ലീഗില്‍ നിന്നും പുറത്തായ കെ.എസ്.ഹംസയാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥി. ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കി വിജയിക്കാന്‍ കഴിയുന്ന ഹംസയെപ്പോലുള്ള ജനകീയനായ നേതാവ് വേറെയില്ല. ലീഗും സമസ്തയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് പൊന്നാനിയില്‍ സിപിഎമ്മിന്റെ ആയുധം. ഹംസയ്ക്ക് വിജയ സാധ്യതയുണ്ടെന്ന് ലീഗിലെ ഒരു വിഭാഗവും സിപിഎമ്മും സമസ്തയും ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇത് തന്നെയാണ് ഹംസയിലേക്ക് സിപിഎമ്മിന്റെ ശ്രദ്ധ തിരിച്ചത്.

സിപിഎം പുറത്ത് പറയുന്നില്ലെങ്കിലും സമസ്തയുടെ സ്ഥാനാര്‍ഥിയാണ് പൊന്നാനിയില്‍ സിപിഎം കൊടിക്കീഴില്‍ മത്സരിക്കുന്നത്. പൊതുസ്വതന്ത്രനായല്ല പാര്‍ട്ടി ചിഹ്നത്തിലാണ് മുന്‍ ലീഗ് നേതാവിനെ സിപിഎം മത്സരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പല തവണ സിപിഎമ്മും സമസ്ത നേതാക്കളും പൊന്നാനി സ്ഥാനാര്‍ഥിത്വ പ്രശ്നത്തില്‍ കൂടിക്കണ്ടു എന്നാണ് പുറത്തുവരുന്ന വിവരം.

പൊന്നാനിയില്‍ ഹംസ വിജയിച്ചാല്‍ കേരളം രാഷ്ട്രീയം തന്നെ മാറിമറയും. കുഞ്ഞാലിക്കുട്ടിവിരുദ്ധന്‍ സിപിഎം എംപിയായി മാറിയാല്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള ലീഗ് സാധ്യതകള്‍ ഇതോടെ അവസാനിക്കും. സമസ്തയാണെങ്കില്‍ ഒറ്റക്കെട്ടായി സിപിഎമ്മിന് പിന്നില്‍ നിലയുറപ്പിക്കുകയും ചെയ്യും. ലീഗിലെ വോട്ട് ബാങ്കാണ് സമസ്ത. സമസ്തയില്ലാത്ത ലീഗ് സിപിഎമ്മിന് ആവശ്യമുണ്ടോ എന്ന ചോദ്യം അപ്പോള്‍ പാര്‍ട്ടിക്കും മുന്നിലുയരും.
സമസ്തയുമായി ഭിന്നതയില്‍ തുടരുന്ന ലീഗിന് ഇതെല്ലാം പ്രതിസന്ധി സൃഷ്ടിക്കും. പൊന്നാനിയില്‍ ലീഗ് തോറ്റാല്‍ കോണ്‍ഗ്രസുമായി വിലപേശാനുള്ള ലീഗിന്റെ കരുത്തും കുറയും. കോണ്‍ഗ്രസില്‍ നിന്നും മൂന്നാം ലോക്സഭാ സീറ്റ് പൊരുതിവാങ്ങാന്‍ കഴിയാത്തതില്‍ പാര്‍ട്ടിയില്‍ അസ്വസ്ഥത പുകയുകയാണ്. ലീഗിന് മുന്‍പുള്ള ശക്തിയില്ലെന്ന് കോണ്‍ഗ്രസിന് ബോധ്യമായതാണോ മൂന്നാം സീറ്റ് നിരസിക്കാന്‍ കാരണമെന്ന സംശയവും ലീഗ് നേതാക്കളില്‍ പ്രബലമാണ്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പൊന്നാനി ലീഗിന് ഒരു പ്രതിസന്ധിയായി മാറുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here