കേന്ദ്രമന്ത്രിയെക്കൊണ്ട് തന്ത്രപരമായി സത്യം പറയിച്ച ജേണലിസ്റ്റ്… ‘മുനമ്പ’ത്തിൽ കാർപ്പറ്റ് ബോംബിംഗ് പോലെ ചോദ്യങ്ങളുമായി കെ എസ് സുധി

മുനമ്പം പോലൊരു തീരദേശത്തെ ഭൂമികളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ ആശങ്കയിലായ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവരെ, വഖഫ് ഭേദഗതി ബിൽ കാണിച്ച് തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിർത്താൻ ബിജെപി ശ്രമം തുടങ്ങിയത് ഏതാനും നാൾ മുൻപാണ്. ഇതിൽ വീണുപോയ കത്തോലിക്കാ മെത്രാൻ സമിതി അടക്കമുള്ളവർ ബില്ലിന് അനുകൂലമായി വോട്ടുചെയ്യാൻ കോൺഗ്രസ് എംപിമാരോട് ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയും ചെയ്തു. ബിൽ പാസായാൽ മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിച്ച് കിട്ടുമെന്ന തെറ്റിദ്ധാരണയിൽ ആയിരുന്നു അത്.
കേരളത്തിലെ ബിജെപി നേതൃത്വം അതനുസരിച്ച് തന്നെ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു. ഇതെല്ലാം ഒറ്റയടിക്ക് പൊളിഞ്ഞു പോയത് കൊച്ചിയിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു നടത്തിയ ഒരൊറ്റ വാർത്താ സമ്മേളനത്തോടെ ആണ്. അതിൽ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത് ഒരൊറ്റ മാധ്യമ പ്രവർത്തകൻ ആണ്. ‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ കൊച്ചി ബ്യൂറോ ചീഫ് കെ എസ് സുധി.
പാർലമെൻ്റ് പാസാക്കിയ വഖഫ് ബിൽ കൊണ്ട് എങ്ങനെ മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന ചോദ്യത്തിലാണ് തുടക്കം. വ്യക്തമായ മറുപടി കിട്ടാതെ വന്നതോടെ പുതിയ നിയമത്തിൻ്റെ തലനാരിഴ കീറി കൂടിതൽ ചോദ്യങ്ങളായി. നിവൃത്തിയില്ലാതെ ആണ് മന്ത്രിക്ക് ഉള്ള കാര്യം പറയേണ്ടി വന്നത്. കോടതിയെ സമീപിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നായി മന്ത്രി. ഫലത്തിൽ പുതിയ നിയമം കൊണ്ട് ഒന്നും നടക്കില്ലെന്ന് വ്യക്തമായി. വാർത്താ സമ്മേളനം നടന്ന് 48 മണിക്കൂർ എത്തുമ്പോഴും ഇക്കാര്യത്തിൽ ഫലപ്രദമായ ഒരു പ്രതിരോധം ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
“കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ മുനമ്പം വിഷയത്തിന് പരിഹാരം കാണണം. വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമഭേദഗതിയിലൂടെ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാകും” – കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രിയുടെ ഈ മറുപടിയാണ് ബിജെപിയുടെ ക്രിസ്ത്യൻ പ്രീണന പരിപാടികളെ ആകെ പൊളിച്ചടുക്കിയത്.
ഇതിനിടയിൽ വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രിക്കൊപ്പം ഇരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സുധിയെ അഭിനന്ദിക്കുകയും ചെയ്തു. “ഐ അപ്രീഷിയേറ്റ് യുവർ നോളജ് ഓഫ് ദ സബ്ജക്ട്” (I appreciate your knowledge of the subject) എന്നാണ് രാജീവ് പറഞ്ഞത്. “വാട്ട് യൂ സെഡ് ഈ ടെക്നിക്കലി റൈറ്റ്” (What you said is technically right) എന്ന് കിരൺ റിജുജു തന്നെ സുധിയോട് രണ്ടുവട്ടം ചോദ്യങ്ങൾക്കിടയിൽ പറയുന്നുണ്ടായിരുന്നു.
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നാൽ മുനമ്പത്തെ 600 കുടുംബങ്ങൾക്ക് റവന്യൂ അധികാരത്തോടെ ഭൂമി കിട്ടും എന്നായിരുന്നു സംസ്ഥാന ബിജെപി നേതാക്കളുടെ അവകാശവാദം. ഇത് വിശ്വസിച്ച് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരൻ്റെ പക്കൽ നിന്ന് 50 ക്രൈസ്തവർ ഒറ്റ ദിവസം ബിജെപി അംഗത്വം സ്വീകരിക്കുക പോലും ഉണ്ടായി. ഇതാണ് ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീണുപോയത്. അഴകൊഴമ്പൻ മറുപടി പറഞ്ഞ് മുങ്ങുമായിരുന്ന കേന്ദ്രമന്ത്രിയെ കൊണ്ട് സത്യം പറയിപ്പിച്ചതിൻ്റെ ക്രെഡിറ്റ് കെ എസ് സുധിക്ക് മാത്രമാണ്.
നിയമ ബിരുദധാരികൂടിയായ സുധിയുടെ മുനമ്പം വിഷയത്തിലെ അഗാധമായ അറിവും, നിയമത്തിൻ്റെ ഉൾപിരിവുകൾ തലനാരിഴ കീറി പഠിച്ചതിൻ്റെ ആത്മവിശ്വാസവും ഒക്കെയാണ് കിരൺ ജിജിജു എന്ന പ്രഗൽഭനെ വീഴ്ത്തിയത്. വഖഫ് നിയമ ഭേദഗതി പാസായാൽ പിറ്റേന്ന് മുനമ്പത്തുകാർക്ക് ഭൂമി കിട്ടുമെന്ന സംസ്ഥാന ബിജെപി നേതാക്കളുടെ ബഡായി പൊളിച്ച ഹിന്ദുലേഖകനോട് ‘കടക്കൂ പുറത്ത്’ പറയാൻ പറ്റാത്തതിൽ ബിജെപി മിത്രങ്ങൾ ഖിന്നരാണ്.
മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി പറയാനിടയായതും സുധിയുടെ വളരെ പോയിൻ്റഡായ ചോദ്യം മൂലമാണ്. നിയമഭേദഗതി കൊണ്ടു മാത്രം ‘മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടില്ലായെന്ന് മന്ത്രി പറഞ്ഞതോടെയാണ് കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്ലേറ്റ് തിരിച്ചത്. സുധി അന്നവിടെ ഇല്ലായിരുന്നെങ്കിൽ പത്ര സമ്മേളനം വഴിപാടായി മാറുമായിരുന്നു എന്ന് നിസംശയം പറയാം.
പത്രസമ്മേളനങ്ങൾ നടക്കുമ്പോൾ വിവരക്കേടും ഊളത്തരങ്ങളും ചോദ്യങ്ങളായി ഉന്നയിക്കുന്ന പത്രലേഖകർക്കുള്ള സ്റ്റഡി ക്ലാസാണ് കിരൺ റിജിജുവിൻ്റെ മറുപടിയും സുധിയുടെ ചോദ്യങ്ങളും. അത് തന്നെയായിരുന്നു ആ പത്രസമ്മേളനത്തിൻ്റെ ഹൈലൈറ്റ്. വിഷയത്തിലൂന്നി കാർപ്പറ്റ് ബോംബിംഗ് പോലുള്ള ചോദ്യശരങ്ങൾക്കു മുന്നിൽ കേന്ദ്രമന്ത്രി അറിയാതെ സത്യങ്ങൾ മണി മണിയായി പറഞ്ഞു പോയി. വിചാരണക്കോടതിയിലെ സമർത്ഥനായ വക്കീലിൻ്റേതിന് സമാനമായ ഗൃഹപാഠവും ശരീരഭാഷയുമാണ് കൊച്ചി ടാജ് വിവാന്ത ഹോട്ടലിലെ പത്രസമ്മേളനത്തിൽ സുധി പ്രകടിപ്പിച്ചത്.
മണ്ടത്തരങ്ങൾ ഉച്ചത്തിൽ ചോദിക്കുന്നതിലല്ല മാധ്യമ പ്രവർത്തകൻ്റെ മിടുക്ക്, മറിച്ച് ശാന്തമായി കൃത്യതയോടെ ജനങ്ങളറിയേണ്ട കാര്യങ്ങൾ ലളിതമായി ചോദിക്കുമ്പോഴാണ് ഉത്തരങ്ങൾ താനേ വരുന്നത്. അതൊരു ആർട്ടാണ്, ക്രാഫ്റ്റാണ്. സർവോപരി, വിഷയം പഠിക്കാൻ കഠിനാധ്വാനം ചെയ്യാൻ മനസുള്ളവർക്ക് മാത്രം കഴിയുന്നതാണ് എന്നതാണ് ഒരു മാധ്യമ പ്രവർത്തകൻ്റെ മുന്നിലെ കേന്ദ്രമന്ത്രിയുടെ വീഴ്ച തെളിയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here