‘ഫിറ്റാ’യി വന്നവരെ അൺഫിറ്റാക്കി കെഎസ്ആർടിസി; മദ്യപിച്ച് ജോലിക്ക് വന്ന 97 പേരെ സസ്പെന്‍ഡ് ചെയ്തു; ഈ മാസം മാത്രം 200 പേർക്കെതിരെ നടപടി; വെട്ടിലായി യൂണിയനുകൾ

തിരുവനന്തപുരം: ആനവണ്ടിയിലെ കള്ളുകുടിയന്മാര്‍ക്ക് ഇത് കഷ്ടകാലം. മദ്യപിച്ചു ജോലിക്കു വന്ന 97 ജീവനക്കാരെ ഇന്ന് കെഎസ്ആർടിസി സസ്പെന്‍ഡ് ചെയ്തു. 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ട്രാൻസ്പോർട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്‍റെ കർശന നിലപാടാണ് പുതിയ പരിഷ്കാരത്തിന് പിന്നിൽ.
ഈ മാസമാദ്യം മദ്യപിച്ച് ജോലിക്കെത്തിയ 100 ജീവനക്കാര്‍ക്കെതിരെ ഗതാഗതമന്ത്രിയുടെ നിർദ്ദേശപ്രകാരം നടപടി സ്വീകരിക്കുകയും 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നു നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. 49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി.
തൊഴിലാളി യൂണിയനുകൾക്ക് അപ്രമാദിത്വമുള്ള കെഎസ്ആർടിസിയിൽ മന്ത്രിയുടെ ഈ കടുംപിടുത്തത്തോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ സ്തംഭിച്ചു നിൽക്കയാണ് യൂണിയൻ നേതാക്കൾ. കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പേരെ മദ്യപിച്ച് ജോലിക്ക് വന്നതിന്‍റെ പേരിൽ ശിക്ഷണനടപടിക്ക് വിധേയമാക്കുന്നത്.
ഡ്യൂട്ടിയ്‌ക്കെത്തിയ വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്.
ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴില്‍ മേഖലയാണ് പൊതുഗതാഗതം. ഈ പൊതുമേഖലാ സ്ഥാപനത്തിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു എന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നല്‍കിയത്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണെന്നും അതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
അഴിമതിരഹിത പ്രതിച്ഛായയും കാര്യക്ഷമതയുമുള്ള മന്ത്രിയെന്ന പേരുള്ള ഗണേശനോട് ഈ വിഷയത്തിന്‍റെ പേരിൽ എങ്ങനെ ഏറ്റുമുട്ടുമെന്ന കാര്യത്തിൽ യൂണിയൻ നേതാക്കൾ ആശയക്കുഴപ്പത്തിലാണ്. നിയമവിരുദ്ധമായ പ്രവർത്തിയിൽ ഏർപ്പെട്ടതിന്‍റെ പേരിൽ സമരത്തിനിറങ്ങിയാൽ പൊതുജനം എതിരാകുമെന്ന പേടിയും യൂണിയൻ നേതൃത്വത്തിനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here