കേണുവിളിച്ച് കെഎസ്ഇബി; രാത്രിയിലെ ഉപയോഗം കുറയ്ക്കണം, ട്രാൻസ്ഫോർമർ താങ്ങുന്നില്ല, വൈദ്യുതി വിതരണം താറുമാറാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് കെഎസ്ഇബി. ചൂട് അതിരൂക്ഷമായതോടെ വൈദ്യുതി ഉപഭോഗവും റെക്കോർഡ് വേഗതയിൽ കുതിക്കുകയാണ്. എസി ഉപയോഗം മുമ്പില്ലാത്ത വിധം വളരെയധികം കൂടിയിട്ടുണ്ട്. ഇതുമൂലം രാത്രി പത്ത് മണിക്ക് ശേഷം ട്രാൻസ്ഫോർമറുകളുടെ ലോഡ് ക്രമാതീതമായി വർദ്ധിക്കുകയാണ്. ലോഡ് കൂടുന്നത് കൊണ്ട് ഫ്യൂസ് പോവുന്നതും ലൈൻ വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണെന്നും കെഎസ്ഇബി പറയുന്നു.
ത്രീഫേസ് കണക്ഷനുകൾ ഉള്ള ഉപഭോക്താക്കൾ സിലക്ടർ സ്വിച്ച് ഉപയോഗിച്ച് സിംഗിൾ ഫേസിൽ തുടരുന്നതും, 5000 വാട്ട്സിന് മുകളിൽ ഉള്ള ഉപഭോക്താക്കൾ ലോഡ് വെളിപ്പെടുത്തി ത്രീ ഫേസ് കണക്ഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഖല താറുമാറാക്കുന്നതായും കെഎസ്ഇബി പറയുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് പൊതുജനത്തിൻ്റെ സഹകരണം ബോർഡ് തേടുന്നത്.
ചൂട് പരിഗണിക്കുമ്പോൾ രാത്രിയിലെ എസി ഉപയോഗം ഒഴിവാക്കാൻ കഴിയില്ല എന്ന് സമ്മതിക്കുന്ന വാർത്താക്കുറിപ്പിൽ പക്ഷേ ഒഴിവാക്കാൻ കഴിയുന്ന മറ്റു ചില കാര്യങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടി അക്കമിട്ട് പറയുന്നത് ഇങ്ങനെ… രാത്രി സമയങ്ങളിൽ തുണികൾ കഴുകുന്നതും തേക്കുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗിക്കുന്നതും ഒഴിവാക്കി പകൽ ചെയ്യാം. മൂന്ന് മുറികളിലെ എസി രണ്ട് മുറികളിലായി കുറക്കാം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് പമ്പ് ചെയ്യാം. അഭ്യർത്ഥന രൂപത്തിലുള്ള വാർത്താക്കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
രാത്രികാലങ്ങളിലെ അനാവശ്യ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് ഞങ്ങളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എത്ര ശ്രമിച്ചിട്ടും ട്രാൻസ്ഫോർമറുകളുടെ ലോഡ് നിയന്ത്രിക്കാനാവുന്നില്ല. പരമാവധി സഹകരിക്കണം. ഈ സന്ദേശം റസിഡൻഷ്യൽ ഗ്രൂപ്പുകളിലേക്ക് കൈമാറുക. ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറാം..

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here