KSFE തട്ടിപ്പ്: വിമർശനം മയപ്പെടുത്തി എ.കെ. ബാലൻ; ക്രമക്കേടുകൾ തള്ളാതെ വിശദീകരണം

കോഴിക്കോട്: കെഎസ്എഫ്ഇയില്‍ തട്ടിപ്പ് നടക്കുന്നുവെന്നും ഇഡി ഇന്നല്ലെങ്കില്‍ നാളെ കെഎസ്എഫ്ഇയിൽ എത്തുമെന്നുള്ള വിമര്‍ശനം വിവാദമായതോടെ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. നിലപാട് മയപ്പെടുത്തിയെങ്കിലും കെസ്എഫ്ഇയിൽ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന തൻ്റെ വിമർശനത്തെ പൂർണമായും തള്ളാനും അദ്ദേഹം തയ്യാറായില്ല. ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ വേദിയിലിരുത്തിയായിരുന്നു കെഎസ്എഫ്ഇയില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുവെന്ന് എ.കെ. ബാലന്‍ വിമര്‍ശനം ഉന്നയിച്ചത്.

കള്ളപ്പേരിട്ടും കള്ള ചെക്കും വാങ്ങിയുമാണ് ചിട്ടികൾ കെസ്എഫ്ഇയിൽ നടത്തുന്നത്. ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുന്നത് എന്നായിരുന്നു ബാലൻ കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞത്.എന്നാൽ ബാലന്‍റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല.അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

എന്നാൽ അധ്യക്ഷ പ്രസംഗത്തില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മനസിലാകാത്തെ തെറ്റായ രൂപത്തില്‍ മാധ്യമങ്ങൾ വാര്‍ത്ത നല്‍കുകയായിരുന്നുവെന്നണ് ബാലൻ്റെ വിശദീകരണം. കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചതെന്നും അതൊടൊപ്പം തിരുത്തപ്പെടേണ്ട ചില പ്രവണതകളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എ.കെ. ബാലന്‍ വിശദീകരിച്ചു. കമ്പനിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ചില തെറ്റായ പ്രവണത എല്ലാവരും ഓര്‍മപ്പെടുത്തുന്നതാണ്. അത് താനും ഇടക്കിടക്ക് പറയാറുണ്ട്. അതാണ് ഇവിടെയും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

“ടാര്‍ഗറ്റിന്റെ ഭാഗമായി എണ്ണം തീര്‍ക്കാന്‍ കള്ള ഒപ്പിട്ട് കള്ളപ്പേരിട്ട് കള്ളച്ചെക്ക് വാങ്ങി പൊള്ളച്ചിട്ടികള്‍ ഉണ്ടാക്കുകയാണ്. എത്രകാലം ഇത് തുടരാന്‍ പറ്റും. ഇത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്‌നം എത്രമാത്രമാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പാണ് ഇല്ലാതാവാന്‍ പോകുന്നത് ” – എന്നായിരുന്നു കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്‍റെ പതിനേഴാം സംസ്ഥാന സമ്മേളനത്തില്‍ ബാലൻ പ്രസംഗി ച്ചത്.

“ഇപ്പോ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ സഹകരണമേഖലയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമീപനം. അത് ഇവിടെ വരില്ലെന്ന് നിങ്ങള്‍ ധരിക്കരുത്. ഇവിടെ നടക്കന്ന ഈ ചെയ്തികളുമായി ബന്ധപ്പെട്ട് നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഈ ഏജന്‍സിക്ക് വരാന്‍ കഴിയില്ലെന്ന് ധരിക്കരുത്. കള്ളപ്രമാണങ്ങള്‍ വച്ചുകൊണ്ടുള്ള വായ്പകളുണ്ടാവുന്നു. ഈ പ്രവണത അവസാനിപ്പിക്കണം” – ഇത്തരത്തിൽ കെസ്എഫ്ഇയിലെ ഗുരുതരമായ ക്രമക്കേടുകളാണ് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. ആധുനികമായ ഒരു പരിഷ്ക്കാരങ്ങളും കെഎസ്എഫ്ഇയിൽ നടക്കുന്നില്ല. പകരം സ്ഥാപനത്തിൽ തുടരുന്ന തെറ്റായ പ്രവണതകളുമായി ഒത്തു പോകാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ബാലൻ കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top