മാസപ്പടി അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹൈക്കോടതിയിൽ; നീക്കം തടയണമെന്ന് ആവശ്യം; ഭയമെന്തിനെന്ന് കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ മാസപ്പടി വിഷയത്തിൽ കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടത് കെഎസ്ഐഡിസിയുടെ ഭാഗം കേൾക്കാതെയാണ്. അതുകൊണ്ട് ആ നടപടിക്ക് നിയമപരമായി നിലനില്‍പ്പില്ലെന്ന് കെഎസ്ഐഡിസി വാദിച്ചു. കരിമണല്‍ കമ്പനിയായ സിഎംആർഎല്ലിൽ ഓഹരിപങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ഐഡിസി.

എന്നാൽ അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നും ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അന്വേഷണവും പരിശോധനയും തടയണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹർജി ഫെബ്രുവരി 12ന് പരിഗണിക്കാനായി മാറ്റി. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സീനിയർ സ്റ്റാന്റിംഗ് കൗൺസിൽ അഡ്വ.ആർ.വി.ശ്രീജിത്ത് കോടതിയിൽ ആവശ്യപ്പെട്ടൂ. വിഷയത്തിൽ കേന്ദ്രത്തിൻ്റെ വിശദീകരണം അറിയിക്കാനും കോടതി നിർദേശിച്ചു.

അതേസമയം മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട് കെഎസ്ഐഡിസിയിൽ ഇന്ന് എസ്എഫ്ഐഒ പരിശോധന നടത്തുകയാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെ ഓഫീസിലാണ് പരിശോധന നടത്തുന്നത്. സിഎംആര്‍എല്ലിൻ്റെ കൊച്ചി ഓഫീസിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് സംഘം പൊതുമേഖല സ്ഥാപനത്തിലെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top