മദ്യപിച്ചുള്ള ഡ്രൈവിംഗ് തടഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി അപകടങ്ങള്‍ കുത്തനെ കുറഞ്ഞെന്ന് ഗണേഷ് കുമാര്‍

തിരുവമ്പാടിയിലെ ബസ് അപകടം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അനാസ്ഥ മൂലമല്ലെന്ന് ഗതാ​ഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒരു ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി ബസ് വെട്ടിച്ചപ്പോൾ തെന്നി പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. അപകടങ്ങളില്‍ ഡ്രൈവർക്കും കണ്ടക്ടർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

കെഎസ്ആർടിസി അപകടങ്ങളിൽ ഡ്രൈവറുടെ മേല്‍ ബാധ്യത ചുമത്തുന്നത് സംബന്ധിച്ച എം.വിൻസെന്റ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു വിശദീകരണം. തിരുവമ്പാടിയിൽ സംഭവിച്ചത് കുറ്റകൃത്യമല്ലെന്നാണ് മന്ത്രി പറഞ്ഞത്. ചില സംഭവങ്ങളില്‍ നേരെകൊണ്ടുപോയി ഇടിക്കുന്ന സംഭവങ്ങളുണ്ട്. നടപടി എടുത്തില്ലെങ്കിൽ നടത്തികൊണ്ടുപോകാൻ സാധിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

“കെഎസ്ആർടിസി ബസ് അപകടങ്ങളിൽ കേരളത്തിൽ ശരാശരി ഒമ്പത് മരണങ്ങൾ വരെ സംഭവിച്ചിരുന്നു. മദ്യപിച്ച് വണ്ടിയോടിക്കരുത് എന്ന നിയമം കർശനമാക്കിയതോടെ അപകടമരണങ്ങൾ കുറഞ്ഞതായി ​മന്ത്രി പറഞ്ഞു. ഒരാഴ്ചയിൽ 48-50 വരെ അപകടങ്ങളായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. അത് കുറഞ്ഞ് 28ലേക്ക് വന്നു.”

“അപകടങ്ങളില്‍ കടുത്ത നടപടികളല്ല സ്വീകരിക്കുന്നത്. ബസിടിക്കുമ്പോൾ ബാധ്യത വച്ചില്ലെങ്കിൽ ഉത്തരവാദിത്തം ഉണ്ടാവില്ല. ശക്തൻ തമ്പുരാന്റെ ശില്പത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. തൃശ്ശൂരിന്റെ വികാരമാണ് ആ പ്രതിമ. കെഎസ്ആർടിസിയും എംഎൽഎയും 10 ലക്ഷം വീതം നൽകിയാണ് ശില്പത്തിന്റെ പുനനിർമാണം നടത്തുന്നത്. വെറുതെ നിന്ന പ്രതിമയല്ലേ. വട്ടം ചാടിയതൊന്നുമല്ലല്ലോ. കൊണ്ടിടിച്ച ആളുടെ മേൽ ഒരു ഫൈനും ചുമത്തേണ്ടെന്ന് പറഞ്ഞാൽ അത് പറ്റില്ല.” മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top