കെഎസ്ആര്‍ടിസി ബസ് തടഞ്ഞ മേയര്‍ ആര്യക്കും സച്ചിന്‍ദേവിനും എതിരെ കേസ്; പോലീസ് നടപടി കോടതി ഇടപെട്ടതോടെ; ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം

തിരുവനന്തപുരം: നടുറോഡില്‍ കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഒടുവില്‍ കേസ്. കോടതി നിര്‍ദേശപ്രകാരമാണ് കന്റോണ്‍മെന്റ്‌ പൊലീസ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികളാണുള്ളത്. ഗതാഗതം തടസപ്പെടുത്തിയതിന്‌ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബസ് ഡ്രൈവര്‍ എല്‍.എച്ച്.യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല.

യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. യദുവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

കേസിലെ നിര്‍ണായക തെളിവായ, ബസിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് നഷ്ടമായതുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് കേസ്.

ഏപ്രില്‍ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്‌സിനു സമീപമാണ് സംഭവം. പട്ടം മുതല്‍ കാറിന് സൈഡ് നല്‍കാന്‍ ഡ്രൈവര്‍ തയ്യാറായില്ല എന്ന ആരോപണമാണ് മേയറും മേയറും എംഎല്‍എയും ബന്ധുക്കളും ഉന്നയിച്ചത്. പാളയത്ത് എത്തിയപ്പോള്‍ സഞ്ചരിച്ച കാര്‍ സീബ്ര ലൈനില്‍ കുറുകെയിട്ടു ബസ് തടഞ്ഞതാണു വിവാദമായത്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയെന്ന ആരോപണവും മേയര്‍ ഉന്നയിച്ചിരുന്നു. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാതെ മേയറുടെ പരാതിയില്‍ മാത്രം കേസെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. കെഎസ്ആര്‍ടിസി പരാതി നല്‍കാത്തതും വിവാദമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top