മെമ്മറി കാര്‍ഡ് കാണാതായതില്‍ ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; മൊഴികള്‍ പരിശോധിച്ച് വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്; അന്വേഷണം നീളുന്നു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും തടഞ്ഞുവെച്ച കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ബസ് ഡ്രൈവർ യദുവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴികൾ പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്തുവിട്ടതിനു പിന്നാലെ യദു ബസിനു സമീപമെത്തിയത് ദുരൂഹമാണെന്നും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പൊലീസ് പറയുന്നു. നേരത്തേ ചോദ്യം ചെയ്ത കണ്ടക്ടര്‍ സുബിനെയും കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയയ്ക്കുമെന്നും പൊലീസ് അറിയിച്ചു.
തര്‍ക്കത്തിന് ശേഷം കണ്ടക്ടര്‍ സുബിൻ ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി.
സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here