മീന്‍കറിക്ക് വില ഈടാക്കിയതിന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പ്രതികാരം!! വിജിലൻസ് റിപ്പോർട്ടിൽ നടപടി സ്വീകരിച്ച് കോർപറേഷൻ

ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ കണ്ടക്ടറാണ് പണം ആവശ്യപ്പെട്ട ഹോട്ടലുടമയോട് പ്രതികാരം ചെയ്യാനിറങ്ങി സ്വയം പണി വാങ്ങിയിരിക്കുന്നത്. എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് കഥാപാത്രം. ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം ഉറപ്പാക്കാന്‍ സ്ഥാനത്താകെ 24 ഹോട്ടലുകള്‍ തിരഞ്ഞെടുത്ത് വലിയ മാറ്റത്തിന് ശ്രമിക്കുന്നതിനിടയിലാണ് ഈ പ്രതികാര കഥയും ഉണ്ടായിരിക്കുന്നത്.

ഹോട്ടലുകളുമായി കെഎസ്ആര്‍ടിസി ഉണ്ടാക്കിയ കരാര്‍ പ്രകാരം ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഭക്ഷണം സൗജന്യമാണ്. കൂടാതെ ഒരു ബസിന് 100 രൂപ വീതവും കോര്‍പ്പറേഷന് നല്‍കണം. ഇത്തരത്തില്‍ തിരഞ്ഞെടുത്ത ആലത്തൂരിലെ ഒരു ഹോട്ടലിലാണ് തര്‍ക്കമുണ്ടായത്. ഭക്ഷണം കഴിച്ചിറങ്ങിയ കണ്ടക്ടര്‍ക്ക് 250 രൂപയുടെ ബില്ല് നല്‍കിയതോടെയാണ് തര്‍ക്കമുണ്ടായത്.

കണ്ടക്ടര്‍ കണ്‍ട്രോള്‍ റൂമില്‍ പരാതി ഉന്നയിച്ചു. ഹോട്ടലുടമ ജീവനക്കാരില്‍ നിന്ന് പണം വാങ്ങി, അമിത നിരക്ക് ഭക്ഷണത്തിന് ഈടാക്കുന്നു തുടങ്ങിയ പരാതികളാണ് ഉന്നയിച്ചത്. നിരക്ക് കൂടുതലാണെന്ന് ഒരു യാത്രക്കാരന്‍ പറയുന്നതിന്റെ ശബ്ദരേഖയും പ്രചരിപ്പിച്ചു. ഇതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.

ഈ അന്വേഷണത്തിലാണ് കണ്ടക്ടറുടെ പ്രതികാരം പുറത്തായത്. മീന്‍കറി ഉള്‍പ്പെടെ 120 രൂപക്ക് ഹോട്ടല്‍ വില്‍ക്കുന്ന ഊണ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും സൗജന്യമായി നല്‍കിയിരുന്നു. ഇതുകൂടാതെ കണ്ടക്ടര്‍ കഴിച്ച സ്‌പെഷ്യല്‍ മീന്‍കറിക്കാണ് 250 രൂപയുടെ ബില്‍ നല്‍കിയതെന്ന് കണ്ടെത്തി. കൂടാതെ യാത്രക്കാരന്റെ പരാതി എന്ന പേരില്‍ നല്‍കിയത് കണ്ടക്ടര്‍ തന്നെ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയാണെന്നും കണ്ടെത്തി. ഇതോടെ കണ്ടക്ടര്‍ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് കോര്‍പ്പറേഷന്‍. കണ്ടക്ടറെ ദീര്‍ഘദൂര സര്‍വീസില്‍ മാറ്റി നിര്‍ത്തിയതാണ് കെഎസ്ആര്‍ടിസിയുടെ ശിക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top