ഒരുമാസം മുൻപുവരെ ലാഭത്തില്‍, മന്ത്രിമാറിയപ്പോള്‍ നഷ്ടത്തില്‍; തലസ്ഥാനത്തെ ഇലക്ട്രിക് ബസുകൾക്ക് സംഭവിച്ചതെന്ത്

തിരുവനന്തപുരം: തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് 2022 ജൂലൈ 31 മുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയത്. ആദ്യം അഞ്ച് ബസുകളിറക്കി തുടങ്ങിയ പരീക്ഷണം പിന്നെ 25 ആക്കി. രണ്ടുവർഷം എത്താറാകുമ്പോൾ ബസുകളുടെ എണ്ണം 170 ആയി. നഗരസഭ വാങ്ങിനൽകിയത് 60, കേന്ദ്രസർക്കാരിൻ്റെ ഇ-സേവ പദ്ധതിയിലൂടെ കിട്ടിയത് 60, കൂടാതെ കിഫ്ബി വായ്പയിലൂടെ കെഎസ്ആർടിസി വാങ്ങിയത് 50 എന്നിങ്ങനെയാണ് കണക്ക്. ചിലവ് കുറഞ്ഞ യാത്രയെന്ന നിലയിൽ തലസ്ഥാനവാസികൾക്ക് പ്രിയങ്കരമായി കഴിഞ്ഞു ഈ ഇലക്ട്രിക് ബസുകൾ എന്നതാണ് മൂന്നുമാസം മുൻപ് വരെയുള്ള കണക്കുകൾ നൽകിയ സൂചന. എന്നാല്‍ ഗതാഗതമന്ത്രിയുടെ കസേരയിൽ ആളുമാറി വന്നപ്പോൾ കണക്കെല്ലാം ആവിയായ മട്ടാണ്. ഇലക്ട്രിക് ബസുകൾ ബാധ്യതയാകുമെന്നും ഇനി വാങ്ങില്ല എന്നുമാണ് പുതിയ മന്ത്രി പറയുന്നത്.
കെഎസ്ആര്‍ടിസിയുടെ കണക്ക്, മൂന്നുമാസം മുൻപുവരെ
മൂന്നുമാസം മുൻപ് കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരു കിലോമീറ്ററിന് 26 രൂപയാണ് ചിലവ്. കിലോമീറ്ററിന് 46 രൂപ വരുമാനമായും ലഭിക്കുന്നു. ഇങ്ങനെ 36 ലക്ഷം രൂപവരെ പ്രതിമാസം സര്‍വ്വീസില്‍ നിന്ന് ലാഭമായി ലഭിക്കുന്നുണ്ട്. എന്നാല്‍ ബസുകളുടെ എണ്ണം കൂടിയതോടെ ലാഭം കുറഞ്ഞു, പക്ഷെ നഷ്ടത്തിലായിട്ടില്ല. യാത്രക്കാര്‍ക്കും സര്‍വ്വീസ് ഗുണകരമാണ്. ഓര്‍ഡിനറി ബസില്‍ മിനിമം നിരക്കായ 12 രൂപയ്ക്ക് 2.5 കിലോമീറ്ററാണ് സഞ്ചരിക്കാനാവുക. എന്നാല്‍ ഇ-ബസില്‍ 10 രൂപ കൊടുത്താൽ 15 മുതല്‍ 20 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 65,000 മുതല്‍ 76,000 യാത്രക്കാര്‍ വരെ പ്രതിദിനം യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്. നഷ്ടത്തിലാണെന്നും ഇനി ഇ-ബസുകള്‍ വാങ്ങില്ലെന്നും പറഞ്ഞത് വിവാദമായതോടെ കണക്കുകള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പുതിയ ഗതാഗതമന്ത്രി.
കൈനനയാതെ കെഎസ്ആർടിസിക്ക് കിട്ടുന്ന ബസുകൾ
കിഫ്ബി വായ്പ ഉപയോഗിച്ചുള്ള 50 ബസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി ഇതുവരെ സ്വന്തമായി വാങ്ങിയത്. മറ്റ് ബസുകളെല്ലാം വിവിധ പദ്ധതികളിലൂടെ ലഭിച്ചതാണ്. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 60 ബസ്സുകള്‍ നഗരസഭ വാങ്ങി നല്‍കി. രണ്ടാം ഘട്ടമായി 20 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ നഗരസഭ പൂർത്തിയാക്കിവരികയാണ്. നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നല്‍ നല്‍കാനായി 2 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എത്തിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി ഇ-സേവ പദ്ധതിയിലൂടെയും 60 ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസിക്ക് കിട്ടിയിട്ടുണ്ട്. ഇങ്ങനെ പൂര്‍ണ്ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള 890 ബസുകള്‍ കൂടി ഇനി കിട്ടാനിരിക്കുന്നു. ഇതുകൂടാതെ കിഫ്ബി വഴി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള 814 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരവും നല്‍കിക്കഴിഞ്ഞു. ഇതിലൂടെ 500 ബസുകൾ കൂടി ഉടൻ നിരത്തിലിറങ്ങാനിരിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ഇലക്ട്രിക് ബസുകൾ ഇനി വേണ്ടേ വേണ്ടാ എന്ന മന്ത്രിയുടെ പ്രഖ്യാപനം. തുറന്നെതിർക്കാൻ അധികമാരും രംഗത്ത് എത്തിയില്ലെങ്കിലും പ്രഖ്യാപനം പോലെ എളുപ്പമാകില്ല മന്ത്രിക്ക് അത് നടത്തിയെടുക്കാൻ എന്നത് ഉറപ്പാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് മറുപടി പറഞ്ഞതിൽ അതിൻ്റെ വ്യക്തമായ സൂചനയുണ്ട്. കൂടാതെ മേയറും മുൻ മേയറും ഫെയ്സ്ബുക്കിലൂടെ ഇടത് മുന്നണിയുടെ നയം മന്ത്രിയെ ഓർമപ്പിച്ചതും വെറുതെയല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here