കെഎസ്ആർടിസിയിൽ നിന്ന് നെട്ടോട്ടം; ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷിച്ചത് 13500 പേർ; അറ്റൻഡർ ജോലിക്കും തയ്യാറായി സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ളവർ

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: ആകെ മുങ്ങിയ കെഎസ്ആർടിസിയിൽ നിന്ന് എങ്ങനെയും രക്ഷപെടാൻ ജീവനക്കാരുടെ ശ്രമം. ബിവറേജസ് കോർപറേഷനിലെ 263 ഡെപ്യൂട്ടേഷന്‍ ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 13,500 പേര്‍. മദ്യഷോപ്പുകളിലെ അറ്റന്‍ഡര്‍ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഇതിലേക്ക് അപേക്ഷിച്ചവരില്‍ സ്‌റ്റേഷന്‍ മാസ്‌റ്റര്‍ മുതല്‍ മെക്കാനിക്കും ചെക്കിങ്‌ ഇന്‍സ്‌പെക്‌ടറും വരെ ഉള്‍ പ്പെടുന്നുവെന്ന അമ്പരപ്പിക്കുന്ന വിവരമാണ് കെഎസ്ആര്‍ടിസിയില്‍ നിന്നും പുറത്തെത്തുന്നത്. അപേക്ഷിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയായിരുന്നു. ജീവനക്കാർക്ക് രക്ഷപ്പെടാനുള്ള അവസാന ബസ് എന്ന പ്രതീതി നിലനിര്‍ത്തി കെഎസ്ആര്‍ടിസി തന്നെയാണ് ഡെപ്യൂട്ടേഷന്‍ നേടി പോകാൻ ജീവനക്കാരെ പ്രേരിപ്പിച്ചത്. ജീവനക്കാര്‍ കാണുന്ന ഇടങ്ങളിലെല്ലാം ഇതിനുള്ള നോട്ടീസ് പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കുലറില്‍ തന്നെ മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസിയിലെ ആകെയുള്ള 24,500 സ്ഥിരം ജീവനക്കാരില്‍ പകുതിയിലേറെപ്പേരും ബെവ്കോയിലേക്ക് അപേക്ഷിച്ചെങ്കിലും നിയമനം ലഭിക്കുക 263 പേര്‍ക്ക് മാത്രമാണ്. കെഎസ്ആർടിസി പരിഷ്കരണത്തിനുള്ള സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പ്രകാരം പതിനായിരം ജീവനക്കാരെ കുറയ്ക്കാൻ ലക്ഷ്യമിടുകയാണ്. അതിന്റെ ഭാഗമായാണ് ഡെപ്യൂട്ടേഷന്‍ പരിപാടിയെ സ്ഥാപനം തന്നെ പ്രോത്സാഹിപ്പിച്ചത്. പല പൊതുമേഖലാ- സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശ്രമിച്ചെങ്കിലും ബെവ്കോ മാത്രമാണ് സമ്മതം മൂളിയത്.

‘സിക്ക് യൂണിറ്റ് ’ എന്ന് കണക്കാക്കാവുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കുക എന്ന നയപ്രകാരമാണ് ബെവ്കോ ഇതിനു സന്നദ്ധമായത്. ഉയർന്ന ബോണസായിരുന്നു പ്രധാന ആകർഷണം. എന്നാല്‍ ഡെപ്യൂട്ടേഷന്‍കാർക്ക് ഈ ബോണസ് നല്‍കില്ലെന്ന് ബെവ്കോ വ്യക്തമാക്കിയിട്ടും കെഎസ്ആര്‍ടിസിയില്‍ നിന്നും അപേക്ഷകൾക്ക് കുറവൊന്നും ഉണ്ടായില്ല. പിടിച്ചുനില്‍ക്കാന്‍ ഒരു രക്ഷയുമില്ലെന്ന അവസ്ഥയാണ് ജീവനക്കാരെ കൂട്ടത്തോടെ കെഎസ്ആര്‍ടിസി വിടാന്‍ പ്രേരിപ്പിക്കുന്നത്.

മദ്യക്കുപ്പികള്‍ ചുമക്കുന്നത് ഉള്‍പ്പെടെയാണ്‌ ബിവറേജസിലെ അറ്റന്‍ഡറുടെ ജോലി. 12 മണിക്കൂറാണു ജോലിസമയം. ശമ്പളവും ആനുകൂല്യങ്ങളും യഥാസമയം കിട്ടുമല്ലോയെന്നു കരുതിയാണ്‌ ഡെപ്യൂട്ടേഷന്‌ ശ്രമിക്കുന്നതെന്ന് അപേക്ഷിച്ചവരില്‍ ഒരാള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കടുത്ത ഡ്യൂട്ടിഷെഡ്യൂൾ, ശമ്പളം ഗഡുക്കളായും; പിഎഫ്, ഗ്രാറ്റുവിറ്റി, ഡിഎ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമില്ല. നേരിടുന്നത് പലവിധ പ്രശ്നങ്ങളും. ഇതെല്ലാമാണ് കെഎസ്ആര്‍ടിസി വിട്ടോടാൻ പ്രേരിപ്പിക്കുന്നത്.

‘ഇവിടെ നിരന്തരം ജോലി ചെയ്തിട്ടും ശമ്പളമില്ല. തോന്നുമ്പോഴാണ് ശമ്പളം തരുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം പകുതി മാത്രമാണ് ഇതുവരെ ലഭിച്ചത്. ജോലി ചെയ്‌താല്‍ കൃത്യസമയത്ത് വേതനം കിട്ടുമല്ലോ എന്ന സമാധാനത്തിലാണ് ജീവനക്കാര്‍ ബെവ്കോ ഡെപ്യൂട്ടേഷന്‍ ആഗ്രഹിക്കുന്നത്- സിപിഐ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസി ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ജനറൽ സെക്രട്ടറി എം.ജി.രാഹുൽ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

അടച്ച പിഎഫോ, വിരമിച്ചാല്‍ പെന്‍ഷനോ ലഭിക്കുന്നില്ല. ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍ ഒന്നും ലഭിക്കുന്നില്ല. ഡിഎ പൂജ്യം. ഇങ്ങനെ ഒരു തൊഴില്‍ സ്ഥാപനമുണ്ടോ? സ്വീപ്പർ ജോലിക്ക് ആണെങ്കിലും കെഎസ്ആര്‍ടിസിയില്‍ നിന്നു പോകാന്‍ ആളുണ്ട്. ബെവ്കോയിൽ കിട്ടാനിടയുള്ള 263 പേർ പോയി കഴിഞ്ഞാലും ബാക്കിയുള്ളവർ കെഎസ്ആര്‍ടിസിയില്‍ തന്നെ തുടരുകയല്ലേ. പതിനായിരം ജീവനക്കാരെ കുറയ്ക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. അതിന് ധനവകുപ്പ് നിര്‍ദ്ദേശവുമുണ്ട്. കെഎസ്ആർടിസിക്ക് കിട്ടുന്ന വരുമാനം എവിടെപ്പോകുന്നുവെന്നു ചോദിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്-രാഹുല്‍ പറയുന്നു.

ഡെപ്യൂട്ടേഷന് പോയാലും കെഎസ്ആര്‍ടിസി ശമ്പളം തന്നെയേ ലഭിക്കൂ. കൃത്യസമയത്ത് അത് ലഭിക്കും എന്ന ഒരൊറ്റ ഗുണം തേടിയാണ് ബെവ്കോയിലേക്ക് ജീവനക്കാര്‍ പോകുന്നത്- സിപിഎം നിയന്ത്രണത്തിലുള്ള കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. അത് കഴിഞ്ഞാൽ മാതൃസ്ഥാപനത്തിലേക്ക് തന്നെ തിരിച്ച് വരേണ്ടിവരും. ഗഡുക്കളായി ശമ്പളം കൊടുക്കുന്ന പ്രശ്നം തന്നെയാണ് പ്രധാനമായും ജീവനക്കാരെ ഡെപ്യൂട്ടേഷന് പ്രേരിപ്പിക്കുന്നത്-ഹണി ബാലചന്ദ്രന്‍ പറയുന്നു.

ബെവ്കോയില്‍ പോയാല്‍ മാസം ശമ്പളം കൃത്യമായി ലഭിക്കും. ഇതാണ് പ്രധാനപ്പെട്ട കാര്യം.- കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top