കെഎസ്ആര്‍ടിസിയുടെ ഒരു പരീക്ഷണം കൂടി അകാല ചരമത്തിലേക്ക്; ഇന്നലെ കത്തിനശിച്ചത് ഏക വെസ്റ്റിബ്യൂള്‍ ബസ്; ഈ കോടികള്‍ക്ക് ആര് കണക്ക് പറയും
തിരുവനന്തപുരം : 2011ലാണ് ഏറെ കൊട്ടിഘോഷിച്ച് അനാക്കോണ്ട എന്ന വിശേഷണവുമായി കെഎസ്ആര്‍ടിസി വെസ്റ്റിബ്യൂള്‍ ബസ് നിരത്തിലിറക്കിയത്.17 മീറ്റര്‍ നീളത്തില്‍ രണ്ട് ബസുകള്‍ ചേര്‍ത്തു വച്ചതുപോലെയുളള ബസില്‍ 60 സീറ്റുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ യാത്രക്കാരെ വഹിക്കാമെന്നും തിരക്കേറിയ റൂട്ടുകളില്‍ സഹായകമാകുമെന്നും അവകാശപ്പെട്ടാണ് ബസ് അവതരിപ്പിച്ചത്. എന്നാല്‍ ഒരു ലിറ്റര്‍ ഡീസിലിന് മൂന്ന് കിലോമീറ്റര്‍ മാത്രം മൈലേജുളള ബസ് പ്രതീക്ഷിച്ച ലാഭം നല്‍കിയില്ല. ഒപ്പം കൃത്യമായ അറ്റകുറ്റ പണിയില്ലാത്തതും പാര്‍ട്സുകളുടെ ലഭ്യത കുറവും പലതവണ ബസിനെ കട്ടപ്പുറത്താക്കി. അവസാനം കഴിഞ്ഞ ദിവസം കായകുളം എംഎസ്എം കോളേജിന് മുന്നില്‍ കത്തി നശിച്ചതോടെ ഒരു പരീക്ഷണം കൂടി യാതൊരു പരാതികളുമില്ലാതെ അകാല ചരമം പ്രാപിച്ചിരിക്കുരക്കുകയാണ്.
നിരത്തിലോടുന്ന മിനി ട്രെയിന്‍ എന്ന വിശേഷണത്തോടെയാണ് കെഎസ്ആര്‍ടിസി വെസ്റ്റിബ്യൂള്‍ ബസ് രംഗപ്രവേശനം ചെയ്തത്. രണ്ട് ബസുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാസേജും നല്‍കിയാണ് രൂപകല്‍പ്പന. പേരൂര്‍ക്കട ഡിപ്പോയില്‍ നിന്ന് തമ്പാനൂര്‍ വഴി കൊട്ടാരക്കരയ്ക്കായിരുന്നു സര്‍വ്വീസ്. പിന്നീട് കിഴക്കേകോട്ട ഡിപ്പോയിലും അവിടെ നിന്ന് ആറ്റിങ്ങല്‍ ഡിപ്പോയിലുമെത്തി. കിളിമാനൂര്‍, കൊല്ലം ഡിപ്പോകളിലില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് 2022ല്‍ കരുനാഗപ്പള്ളി ഡിപ്പോയില്‍ ബസെത്തിയത്.സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാത്തതിനാല്‍ സ്വന്തം ഡിപ്പോകളില്‍ നിന്ന് വെസ്റ്റിബ്യൂള്‍ ബസ് ഒഴിവാക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് ഈ കറക്കം. കരുനാഗപ്പള്ളി തോപ്പുംപടി റൂട്ടിലായിരുന്നു അവസാനം സര്‍വ്വീസ് നടത്തിയിരുന്നത്. തിരക്കേറിയ സമയത്ത് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും എന്നത് ഗുണകരവുമായിരുന്നു. എന്നാല്‍ ലാഭത്തിലായിരുന്നില്ല സര്‍വ്വീസ്.
ഇറ്റലിയിലെ മിലാനിലെ റോഡുകളിലാണ് ഈ ബസുകളുടെ ആദ്യരൂപം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നമ്മുടെ നിരത്തുകളില്‍ ഈ ബസുകള്‍ ഓടിക്കുന്നത് വലിയവെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ബസ് ഓടിച്ചിരുന്നത്. ഡബിള്‍ ഡെക്കര്‍ ബസുകളുടെ പിന്‍ഗാമികളാണെങ്കിലും ബസിനുള്ളിലേക്ക് യാത്രക്കാര്‍ക്ക് അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന വാതിലുകള്‍ വെസ്റ്റിബ്യൂളിന്റെ പ്രത്യേകതയാണ്. ഈ പ്രത്യേകത തന്നെയാണ് ഇന്നലെ കായംകുളത്ത് വലിയ അപകടത്തില്‍ നിന്നും രക്ഷിച്ചതും. അപകട സൂചന ലഭിച്ചപ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് അതിവേഗത്തില്‍ പുറത്തിറങ്ങാനായി സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാതെ വന്നതോടെ കൃത്യമായ അറ്റകുറ്റ പണി നടക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്നും ആരോപണമുണ്ട്.
തീപിടിത്തത്തിന്റെ കാരണം എന്തുതന്നെ ആയാലും കോടികള്‍ മുടക്കിയുളള ഒരു പരീക്ഷണം കൂടിയാണ് ഇന്നലെ കത്തി നശിച്ചത്. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കുതിക്കുന്ന കോര്‍പ്പറേഷന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് ഇത്തരം പരിഷ്‌ക്കരണങ്ങള്‍. ഇത് കാലാകാലങ്ങളായി മാറി വരുന്ന സര്‍ക്കാരുകള്‍ മുടക്കമില്ലാതെ തുടരുന്നുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here