മുളകുപൊടി എറിഞ്ഞ് കെഎസ്‌യു; വളഞ്ഞിട്ട് തല്ലി പോലീസ്; എംഎല്‍എക്കും പരുക്ക്; തലസ്ഥാനം ഇന്നും സംഘര്‍ഷഭരിതം
തിരുവനന്തപുരം : കെഎസ്‌യു പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ പ്രതിഷേധക്കാര്‍ മുളകുപൊടി എറിഞ്ഞു. ചീമുട്ട, ഗോലി, ബിയര്‍ കുപ്പി എന്നിവയും പോലീസിനു നേരെ വലിച്ചെറിഞ്ഞു. പിന്നാലെ പോലീസ് ലാത്തിചാര്‍ജ് നടത്തി. പ്രവര്‍ത്തകരെയും നേതാക്കളേയും പോലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു.
മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മാത്യു കുഴല്‍നാടന് പരുക്കേറ്റത്. മാര്‍ച്ച് കടന്നു പോയ വഴിയിലെ നവകേരള സദസിന്റെ മുഴുവന്‍ ബോര്‍ഡുകളും കെഎസ്‌യു പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.
മാര്‍ച്ചിനിടെ സിഐടിയു പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ആല്‍ത്തറ ജംഗ്ഷനിലെ സിഐടിയു തൊഴിലാളികളുടെ
ഷെഡ് തകര്‍ക്കാന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതില്‍ 3 സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.