‘മന്ത്രി രാധാകൃഷ്ണനും പങ്ക് ; മന്ത്രി ബിന്ദുവിനെ വഴി തടയും’; കേരള വർമ്മയില്‍ പ്രതിഷേധം ശക്തമാക്കാന്‍ കെഎസ്‌യു

തിരുവനന്തപുരം: കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാന്‍ കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ വഴി തടയാനാണ് കെഎസ്‌യു തീരുമാനം. നാളെ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ. യദുകൃഷ്ണന്‍ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‌യു പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള വര്‍മ്മ കോളേജിലെ വോട്ടെണ്ണല്‍ അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്നും കെഎസ്‌യു ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ മന്ത്രി ആര്‍. ബിന്ദുവും കെ. രാധാകൃഷ്ണനും ഇടപെട്ടു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആര്‍ ബിന്ദുവിന് ജനാധിപത്യ കാഴ്ചയില്ലെന്നും എം.ജെ. യദുകൃഷ്ണന്‍ പരിഹസിച്ചു.

റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്‍ എസ്എഫ്‌ഐക്ക് വേണ്ടി ഒത്താശ ചെയ്തു. ആര്‍ഷോ കാണിച്ച ടാബുലേഷന്‍ ഷീറ്റ് അവര്‍ ഉണ്ടാക്കിയതാണ്. കോളേജ് അധികൃതര്‍ യഥാര്‍ത്ഥ മാനുവല്‍ ടാബുലേഷന്‍ ഷീറ്റ് പുറത്ത് വിടണമെന്നും യദുകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ടാബുലേഷൻ ഷീറ്റുമായി ബന്ധപ്പെട്ടു നടന്നതു ഗുരുതര ഗൂഢാലോചനയാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ തൃശൂരിൽ ആരോപിച്ചു. ആദ്യ വോട്ടെണ്ണലിലെ 13 ബൂത്തുകളിലെയും ടാബുലേഷൻ ഷീറ്റ് പുറത്തുവിടാൻ കോളജ് അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് വ്യാജനിർമിതമാണ്. അധ്യാപകരുടെ ഒത്താശയുണ്ടായി. റീ കൗണ്ടിംഗിൽ ഓരോ ബൂത്തുകളിലും എണ്ണിയ വോട്ടുകൾ ടാബുലേഷൻ ടീമിന് കൊടുത്തപ്പോൾ കൃത്രിമത്വം സംഭവിച്ചു. ശ്യാം, പ്രകാശൻ, പ്രമോദ് എന്നീ അധ്യാപകരും റിട്ടേണിംഗ് ഓഫിസർ എൻ.എം.നാരായണനും ഉൾപ്പടെയുള്ള ടീം കൃത്രിമത്വം  കാണിച്ചതിനുള്ള സാധ്യത കാണുന്നു. എസ്എഫ്ഐ നേതാക്കന്മാർക്കു അവർ തിരുത്തി കൊടുത്തു. അല്ലെങ്കിൽ തിരുത്താൻ പാകത്തിന് എസ്എഫ്ഐ നേതാക്കന്മാർക്ക് കൈമാറി’’ – അലോഷ്യസ് സേവ്യർ പറഞ്ഞു.

തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൻ്റെ ഭാഗമായി ഗുരുതരമായ കുറ്റകൃ‍ത്യമാണ് നടന്നത്. ക്രിമിനൽ ഗൂഢാലോചന‌യുണ്ടായി. ഒരു കോളജിലെ ഒരു വിജയത്തെ അട്ടിമറിക്കാൻ വേണ്ടി ഇടതുപക്ഷ അധ്യാപകരുടെയും എസ്എഫ്ഐ നേതൃത്വത്തിന്റെയും സംഘം പ്രവർത്തിച്ചു. അതു വലിയ കുറ്റകൃത്യമാണ്. അന്വേഷണം നടക്കണമെന്നും  അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

അതേസമയം; കേരള വർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കെഎസ്‍യു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. റീ ഇലക്ഷൻ നടണമെന്നാവശ്യപ്പെട്ട് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

കേരള വർമ്മ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്ന് ആരോപിച്ചും കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുമാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്ടിംഗ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം.

Logo
X
Top