വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; കെ എസ് യു നേതാവിന് ക്ലീൻ ചിറ്റ്, ദേശാഭിമാനി വാർത്തയിൽ കഴമ്പില്ലെന്ന് പോലീസ്

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതായി ആരോപിച്ച് കെ എസ് യു നേതാവിനെതിരെ നൽകിയ പരാതിയിൽ ക്ലീൻ ചിറ്റ് നൽകി പോലീസ്. കെ എസ് യു സംസ്ഥാന കൺവീനർ അൻസൽ ജലീലിനെതിരെയുള്ള പരാതിയിൽ തെളിവില്ലെന്ന് കാണിച്ച് പോലീസ് കോടതയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലാണ് അൻസൽ വ്യാജ ബി കോം സർട്ടിഫിക്കറ്റ് നിർമിച്ചെന്ന വാർത്ത വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാലയിൽ വന്ന പരാതിയിലാണ് കേസ് എടുത്തത്.

മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണമുയർന്ന കാലത്താണ് അൻസലിനെതിരെയും ആരോപണം വന്നത്. പാർട്ടി പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സർവകലാശാലയിൽ വന്ന പരാതി ഡിജിപിക്ക് നൽകുകയും അത് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് കൊടുക്കുകയുമായിരുന്നു. കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തത്. അൻസൽ പഠിച്ച സ്ഥാപനങ്ങളിലും മറ്റും നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുകയോ അതുപയോഗിച്ച് ജോലി സമ്പാദിക്കുകയോ ചെയ്തതായി തെളിവ് ലഭിച്ചില്ലെന്ന് പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ ഫെബ്രുവരി 11ന് അകം മറുപടി നല്‍കാന്‍, കേസിൽ വാദിയായ സർവകലാശാല രജിസ്ട്രാർക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. ഡിഗ്രി പഠനത്തിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാത്തത് കൊണ്ട് ഒരിടത്തും ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് നേരത്തെ അൻസൽ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top