‘അലോഷ്യസ് സേവ്യറിന് തികഞ്ഞ ധാർഷ്ട്യം; സംഘടനാ നേതൃത്വം വൻ പരാജയം’; ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്
കെഎസ്‌യു നേതൃത്വം സംഘടനാപരമായി വൻ പരാജയമാണെന്ന് കെപിസിസി അന്വേഷണ സമിതി. തെക്കൻ മേഖലാ ക്യാമ്പിൽ നടന്ന കൂട്ടത്തല്ലിനെക്കുറിച്ച് അന്വേഷിച്ച രണ്ടംഗ സമിതിയുടെ അന്തിമ റിപ്പോർട്ട് പാർട്ടിക്ക് സമർപ്പിച്ചു. കെഎസ്‌യു നേതൃത്വം വൻ പരാജയമെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടിൽ വിദ്യാർത്ഥി വിരുദ്ധ നയങ്ങളെ നേതൃത്വത്തിന് ചെറുക്കാനാകുന്നില്ലെന്നും ക്യാമ്പിലെ സംഘട്ടനത്തിൽ ഒരാളുടെ കൈ ഞരമ്പ് അറ്റുപോയെന്നും പറയുന്നു. സംസ്ഥാന ക്യാമ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രസിഡൻറ് അലോഷ്യസ് സേവ്യറിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, ദലിത് കോൺഗ്രസ് പ്രസിഡന്റ് എ.കെ.ശശി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് നല്കിയത്.
കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് തികഞ്ഞ ധാർഷ്ട്യമാണെന്നും അന്വേഷണ സമിതിയോട് സഹകരിക്കാൻ കൂട്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. കെപിസിസി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചത്. കെഎസ്‌യു നേതൃത്വത്തിന് ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായി. സംഘടനാ തലത്തിൽ അടിമുടി മാറ്റം വേണം, ജംബോ കമ്മിറ്റികൾ പൊളിച്ചെഴുതണമെന്നും അന്വേഷണ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളെപ്പോലും ക്യാമ്പിലേക്ക് ക്ഷണിക്കാതിരുന്നത് സംഘടനയുടെ വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ മാസം 24, 25 തീയതികളിൽ നെയ്യാറിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന തെക്കൻ മേഖല ക്യാമ്പിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് അടിയുണ്ടാക്കിയത് കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. നെടുമങ്ങാട് കോളജിലെ കെഎസ്‍യു യൂണിറ്റിന്‍റെ വാട്സാപ് ഗ്രൂപ്പ് അഡ്മിനെ ചൊല്ലിയാണ് തര്‍ക്കവും കൂട്ടത്തല്ലും ആരംഭിച്ചതെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ക്യാമ്പിന്‍റെ സമാപന ദിവസം അര്‍ധരാത്രിയോടെയാണ് അടിപിടി ഉണ്ടായത്. നിരവധി ഭാരവാഹികള്‍ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ കൂട്ടത്തല്ല് മാധ്യമവാര്‍ത്ത മാത്രമാണ് എന്നായിരുന്നു കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം. ഈ നിലപാടിനെ പാടേ തള്ളിക്കളയുന്നതാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നാലുപേരെ സംഘടനയില്‍നിന്ന് എന്‍എസ്‌യു ദേശീയ നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അല്‍ അമീന്‍ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട്, ദൃശ്യങ്ങള്‍ പുറത്തുവിട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here