വൈദികർക്കും സുരേന്ദ്രനുമൊപ്പം ‘കേക്കുമുറി’, സാദിഖലി തങ്ങള്‍ക്കെതിരെ സമസ്തയും ജലീലും; മറുപടിയുമായി കെസിബിസി; കേക്ക് വിവാദം കത്തുന്നു
തിരുവനന്തപുരം: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് കേക്കുമുറിച്ച മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പടയൊരുക്കം. യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും ഒരു മുസ്ലിമിന് എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുകയെന്ന് സുന്നി യുവജന സംഘം (എസ്വൈഎസ്) സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ എഴുതി.
“ഇതര മതസ്ഥരോട് സൌഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്ലാം അനുശാസിക്കുന്നു. എന്നാൽ ഏകദൈവാരാധന അടിസ്ഥാന വിശ്വാസമായ ഇസ്ലാമിൽ ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കുന്നത് തെറ്റും ചിലത് സമുദായത്തിൽ നിന്ന് പുറത്തുപോകേണ്ട കുറ്റവുമാണ്. 2015-ൽ നിലവിളക്ക് കൊളുത്തൽ വിവാദമുണ്ടായപ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖണ്ഡിതമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊരു മതത്തിന്റെ പ്രത്യേക ആചാരം സ്വീകരിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്ല്യാർ, ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ എന്നിവർ പറഞ്ഞു. നിലവിളക്ക് കൊളുത്തൽ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അത് സ്വീകരിക്കൽ ഇസ്ലാമിക വിശ്വാസികൾക്ക് അനുവദനീയമല്ല. 2003ൽ ഒരു മുസ്ലിം മന്ത്രി നെറ്റിയിൽ തിലകം ചാർത്തി ശൃംഗേരി മഠം സന്ദർശിച്ചപ്പോൾ സമസ്ത ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായ സുന്നി യുവജനസംഘം കർശനമായ നിലപാടാണെടുത്തത്”- സമസ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. പാണക്കാട് തങ്ങളുടെ പേരെടുത്ത് പറയാതെ പരോക്ഷമായാണ് ഈ വിമര്‍ശനമെങ്കിലും പോസ്റ്റിന് കീഴെ കമന്റുകളില്‍ പലരും തങ്ങളെ പേരെടുത്ത് പറയുകയും കേക്ക് മുറിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
മെത്രാൻ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും സാദിഖലി ശിഹാബ് തങ്ങളും കെ.സുരേന്ദ്രനും ഒരുമിച്ച് കേക്ക് മുറിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രത്യക്ഷത്തിൽ തന്നെയാണ് ജലീലിന്റെ വിമര്‍ശനം. അരമനകൾ കയറിയിറങ്ങിയത് കൊണ്ടോ പുരോഹിതർക്കും തങ്ങൾക്കുമൊപ്പം നിന്ന് കേക്ക് മുറിച്ചത് കൊണ്ടോ ബിജെപിക്ക് മലയാളമണ്ണിൽ കാലുറപ്പിക്കാനാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. “ബാബരി മസ്ജിദ് തകർത്ത് നിർമ്മിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഒരു ‘തങ്ങൾ’ കൂടി ഉണ്ടായാൽ കേമമാകും. അതും മുസ്ലിംലീഗ് അദ്ധ്യക്ഷനാകുമ്പോൾ കുശാലായി. ക്ഷണം കിട്ടേണ്ട താമസം സാദിഖലി തങ്ങൾ തലേദിവസം തന്നെ അയോദ്ധ്യയിലെത്തുമെന്ന കാര്യത്തിൽ സുരേന്ദ്രന് സംശയം വേണ്ടെന്നും തങ്ങളെ വിമര്‍ശിച്ച് ജലീല്‍ എഴുതുന്നു. ഉദ്ഘാടന മാമാങ്കത്തിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് അതൊരു വലിയ മനസമാധാനവുമാകും. ബിജെപിയുടെ ക്രൈസ്തവ സ്നേഹം മണിപ്പൂരിൽ പച്ചക്ക് നാം കണ്ടതാണ്. എത്ര പാവം മനുഷ്യരെയാണ് അവിടെ “സ്നേഹത്തോടെ” കഴുത്തറുത്ത് ചുട്ടെരിച്ചത്? എത്ര ക്രൈസ്തവ ദേവാലയങ്ങളാണ് “സ്നേഹംമൂത്ത്” തകർത്ത് തരിപ്പണമാക്കി അഗ്നിക്കിരയാക്കിയത്? ജനങ്ങൾ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന കേരളത്തിൽ ബി.ജെ.പിയുടെ ‘പരിപ്പ്’ വേവിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇന്നോളം നടന്നിട്ടില്ല. ബി.ജെ.പിക്ക് പകയുടെ സൂചി കുത്താൻ ഇടം നൽകാത്ത ദിക്കാണ് കേരളം”-ജലീല്‍ എഴുതുന്നു.
ജലീലിന്റെ കുറിപ്പിനെ അപലപിച്ച് കെസിബിസിയും വാര്‍ത്താക്കുറിപ്പ് ഇറക്കി. ജലീലിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കെസിബിസിയുടെ മറുപടി. കത്തോലിക്കാ സഭയുടെ ആഘോഷങ്ങളിൽ സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്. ആരെ ക്ഷണിക്കണം എന്നും അവർ വേദി എങ്ങനെ പങ്കിടണമെന്നും പുറമെ നിന്ന് ആരും ഞങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നാണ് കെസിബിസി ജലീലിന് നല്കുന്ന മറുപടി.
സമസ്തയുടെ ഫേസ്ബുക്ക് കുറിപ്പ്:
അന്യ മതസ്ഥരെ ചാണിനു ചാണായി……. ഇന്നു ജുമുഅക്ക് പള്ളിയിലെത്തി അൽ കഹ്ഫ് ഓതിത്തുടങ്ങിയപ്പോൾ , 3, 4, സൂക്തങ്ങൾ എന്റെ മനസ്സിൽ തറച്ചു. ” അല്ലാഹു തന്റെ ദാസന് ഈ വേദം അവതരിപ്പിച്ചത് അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയും കൂടിയാണ്. അവർക്ക് അക്കാര്യത്തെക്കുറിച്ച് കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ പൂർവ്വീകർക്കും ഉണ്ടായിരുന്നില്ല. അവരുടെ വായകളിൽ നിന്ന് വമിക്കുന്നത് ഗുരുതരമായ വാക്കുതന്നെ. കേവലം കളളമാണവർ പറയുന്നത്. വെള്ളിയാഴ്ച തോറും ഇത് പാരായണം ചെയ്യുന്ന ഒരു മുസ്ലിമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും എങ്ങിനെയാണ് പങ്കെടുക്കാൻ കഴിയുക ? ഇതര മതസ്ഥരോടു സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്ലാം അനുശാസിക്കുന്നു. വീട്ടിൽ ആടിനെ അറുത്താൽ അയൽക്കാരനായ ജൂതനു ആദ്യം നൽകണമെന്നായിരുന്നു പ്രവാചകാനുചരൻമാർ നിർദ്ദേശിച്ചിരുന്നത്. ഇസ്ലാമിക ഭരണകൂടം ഇതര മതസ്ഥർക്ക് എല്ലാ വിധ അവകാശാധികാരങ്ങളും വകവെച്ച് കൊടുക്കണമെന്നാണ് നിയമം. ഇസ്ലാമിക ചരിത്രം ഇത് സാക്ഷീകരിക്കുന്നു. പക്ഷെ, അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഏക ദൈവാരാധന ഇസ്ലാമിലെ അടിസ്ഥാന വിശ്വാസമാണെന്നതാണ് കാരണം. ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണ്. ഇക്കാര്യം വിശദമായും കണിശമായും കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.
2015-ൽ നിലവിളക്ക് കൊളുത്തൽ വിവാദമുണ്ടായപ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖണ്ഡിതമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതി പ്രകാരം.”മറ്റൊരു മതത്തിന്റെ പ്രത്യേക ആചാരം സ്വീകരിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്ല്യാർ, ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ എന്നിവർ പറഞ്ഞു. നിലവിളക്ക് കൊളുത്തൽ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അത് സ്വീകരിക്കൽ ഇസ്ലാമിക വിശ്വാസികൾക്ക് അനുവദനീയം അല്ല .” [സുപ്രഭാതം 27–8–15 ] 2003 ൽ ഒരു മുസ്ലിം മന്ത്രി നെറ്റിയിൽ തിലകം ചാർത്തി ശൃംഗേരി മഠം സന്ദർശിച്ചപ്പോൾ സമസ്ത ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായ സുന്നി യുവജന സംഘം കർശനമായ നിലപാടാണെടുത്തത്. ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം നമ്മുടെ സമൂഹത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. നാം അതീവ ജാഗ്രത പാലിക്കുക. പുണ്യനബി [സ്വ] പറഞ്ഞു. ” നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ ആചാരങ്ങൾ അതേപടി ചാണിനു ചാണായും മുഴത്തിനു മുഴമായും അനുകരിക്കുക തന്നെ ചെയ്യും. ഇതു കേട്ട അനുചരർ ചോദിച്ചു. ജൂത ക്രൈസ്തവരെയാണോ തങ്ങൾ ഉദ്ദേശിച്ചത് ? നബി തങ്ങൾ [സ്വ] പറഞ്ഞു, അവരല്ലാതെ മറ്റാര് ?” [ ബുഖാരി, മുസ് ലിം ] മുസ്ലീങ്ങൾക്ക് ഭാവിയിൽ ഉണ്ടാകുന്ന അപചയത്തെക്കുറിച്ച് തിരുനബി(സ) നടത്തിയ ഈ ദീർഘവീക്ഷണം നമുക്ക് പാഠമാവേണ്ടതുണ്ട്.
ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ബാബരി മസ്ജിദ് തകർത്ത്, തൽസ്ഥാനത്ത് നിർമ്മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ഒരു “തങ്ങൾ” കൂടി ഉണ്ടായാൽ കേമമാകും. അതും മുസ്ലിംലീഗിന്റെ അദ്ധ്യക്ഷനാകുമ്പോൾ കുശാലായി. ക്ഷണം കിട്ടേണ്ട താമസം സാദിഖലി തങ്ങൾ തലേദിവസം തന്നെ അയോദ്ധ്യയിലെത്തുമെന്ന കാര്യത്തിൽ സുരേന്ദ്രന് സംശയം വേണ്ട. ഉൽഘാടന മാമാങ്കത്തിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് അതൊരു വലിയ മനസ്സമാധാനാവുമാകും. ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം മണിപ്പൂരിൽ പച്ചക്ക് നാം കണ്ടതാണ്. എത്ര പാവം മനുഷ്യരെയാണ് അവിടെ “സ്നേഹത്തോടെ” കഴുത്തറുത്ത് ചുട്ടെരിച്ചത്? എത്ര ക്രൈസ്തവ ദേവാലയങ്ങളാണ് “സ്നേഹംമൂത്ത്” തകർത്ത് തരിപ്പണമാക്കി അഗ്നിക്കിരയാക്കിയത്?
ജനങ്ങൾ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന കേരളത്തിൽ ബിജെപിയുടെ “പരിപ്പ്” വേവിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇന്നോളം നടന്നിട്ടില്ല. ബിജെപിക്ക് പകയുടെ സൂചി കുത്താൻ ഇടം നൽകാത്ത ദിക്കാണ് കേരളം. അരമനകൾ കയറിയിറങ്ങിയത് കൊണ്ടോ പുരോഹിതർക്കും തങ്ങൾക്കുമൊപ്പം നിന്ന് ”കേക്ക്” മുറിച്ചത് കൊണ്ടോ ബിജെപിക്ക് മലയാളമണ്ണിൽ കാലുറപ്പിക്കാനാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.
ജീവിതാനുഭവങ്ങളിലൂടെ പരസ്പര ബഹുമാനത്തിൻ്റെയും സഹിഷ്ണുതയുടെയും വില മനസ്സിലാക്കിയ മനുഷ്യരാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വക്കം മൗലവിയും ചാവറയച്ഛനും ഉഴുതുമറിച്ച ദേശത്ത് ജീവിക്കുന്നത്. ബഹുസ്വരതയുടെ മഴവിൽ സൗന്ദര്യം ഏകശിലാ സംസ്കാരത്തിന്റെ കീറപ്പായ കൊണ്ട് മറച്ചു പിടിക്കാൻ വർഗ്ഗീയവിഷം ചീറ്റുന്ന സംഘ്പരിവാരങ്ങൾക്ക് ആവില്ല. നൂറുകണക്കിനാളുകൾ കൊലചെയ്യപ്പെട്ട ഗുജറാത്ത്-ഡൽഹി-മണിപ്പൂർ മോഡൽ വംശഹത്യകളിൽ രാജ്യത്തോട് മാപ്പിരന്നിട്ടാകാം ബിജെപിയുടെ “കേക്ക്”യാത്രകൾ.
കെസിബിസിയുടെ മറുപടി:
കെ.ടി ജലീലിന്റെ മുഖപുസ്തക കുറിപ്പ് സാംസകാരിക സമൂഹത്തിന് അപമാനം…. ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്തുമസിനോടനുബന്ധിച്ച് കെസിബിസി യുടെ ആസ്ഥാന കാര്യാലയത്തിൽ നടത്തിയ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ശ്രീ സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് മുൻ മന്ത്രി ശ്രീ കെ ടി ജലീല്‍ ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കത്തോലിക്കാ സഭയുടെ ഇത്തരം ആഘോഷങ്ങളിൽ സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്. ആരെ ക്ഷണിക്കണം എന്നും അവർ വേദി എങ്ങനെ പങ്കിടണമെന്നും പുറമെ നിന്ന് ആരും ഞങ്ങളെ ഉപദേശിക്കേണ്ടതില്ല. സമൂഹത്തിന്റെ വിവിധ ശ്രേണിയിൽ നിന്നുള്ള പ്രമുഖരും വിവിധ മതാചാര്യന്മാരും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രധാന വ്യക്തികളും പങ്കെടുത്ത വിശിഷ്ടമായ ഒരു ആഘോഷത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കും വിധം കാപട്യം നിറഞ്ഞ വാക്കുകളോടെ വക്രീകരിച്ച് മുഖ പുസ്തകത്തിൽ കുറിപ്പ് എഴുതിയ ശ്രീ കെ.ടി ജലീലിന്റെ പ്രവൃത്തി അപലപനീയവും സാംസകാരിക കേരളത്തിന് അപമാനവുമാണ്. കത്തോലിക്കാസഭയുടെ പൊതു സ്വീകാര്യത ശ്രീ ജലീലിനെ പോലെയുള്ളവർക്ക് അസഹിഷ്ണുതക്ക് കാരണമാകുന്നുണ്ടെങ്കിൽ അത്തരക്കാരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here