‘വാളാകാൻ ആര്‍ക്കും കഴിയും, പരിചയാകാൻ കഴിയുക അപൂര്‍വം പേര്‍ക്ക്’; കോടിയേരിയെ ഓര്‍മിച്ച് എഫ്ബി പോസ്റ്റുമായി ജലീല്‍
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ ദിനത്തില്‍ അര്‍ത്ഥഗര്‍ഭമായ ഫെയ്സ് ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍. ‘വാളാകാൻ എല്ലാവർക്കും കഴിയുമെന്നും, എന്നാൽ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ. അവരിൽ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്.”എന്നാണ് ജലീല്‍ കുറിച്ചത്. കോടിയേരിക്ക് ഒപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് ജലീലിന്റെ കുറിപ്പ്.
ജലീലിന് മാനസിക അടുപ്പമുണ്ടായിരുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഇന്ന് ഇടതുമുന്നണിയില്‍ നിന്നും പുറത്താണ്. ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ അന്‍വറിനെ തള്ളിപ്പറയാന്‍ ജലീല്‍ തയ്യാറായിട്ടില്ല. അതുമാത്രമല്ല മാനസികമായി അന്‍വറിനോടുള്ള താത്പര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവാദം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന പരസ്യപ്രഖ്യാപനവും ജലീല്‍ നടത്തിയത്. അതുമാത്രമല്ല നാളെ ഗാന്ധി ജയന്തി ദിനത്തില്‍ ജലീലിന്റെ പുസ്തകപ്രകാശന ചടങ്ങും നടക്കുകയാണ്.
‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ കോടിയേരിയും മറ്റൊന്ന് ലീഗ് നേതാവ് കൊരമ്പയില്‍ അഹമ്മദ് ഹാജിയുമാണ്. പുസ്തക പ്രകാശന ചടങ്ങില്‍ ചിലത് തുറന്നു പറയും എന്നാണ് ജലീലിന്റെ പ്രഖ്യാപനം. സിപിഎമ്മില്‍ അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എന്താണ് ജലീല്‍ പുറത്തുപറയാന്‍ പോകുന്നത് എന്നതില്‍ സസ്പെന്‍സ് നിലനില്‍ക്കുകയാണ്. പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാകുന്ന എന്തെങ്കിലും പ്രഖ്യാപനം വരുമോ എന്ന ആശങ്കയും സിപിഎമ്മില്‍ നിലനില്‍ക്കുന്നുണ്ട്.
ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കോടിയേരിയുടെ സ്മരണകൾക്ക് മരണമില്ല. കോടിയേരിയില്ലാത്ത രണ്ടു വർഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാൻ എല്ലാവർക്കും കഴിയും. തൻ്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയൂ. അവരിൽ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്. നാളെ പ്രകാശിതമാകുന്ന “സ്വർഗ്ഗസ്ഥനായ ഗാന്ധിജി” എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് രണ്ടുപേർക്കാണ്. എന്നെ ഞാനെന്ന രാഷ്ട്രീയക്കാരനായി രൂപപ്പെടുത്തിയ കൊരമ്പയിൽ അഹമ്മദാജിക്കും ഇടതുചേരിയിൽ എനിക്ക് ഈർജ്ജം പകർന്ന കോടിയേരി ബാലകൃഷ്ണനുമാണ്. ആ സമന്വയം തീർത്തും യാദൃശ്ചികമാണ്. സഖാവെ, ലാൽസലാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here