‘കൊടി ഒഴിവാക്കിയ കോണ്‍ഗ്രസ് നാളെ മുസ്ലിംലീഗിൽ നിന്ന് മുസ്ലിം ഒഴിവാക്കാന്‍ ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടു’; രൂക്ഷവിമര്‍ശനവുമായി കെ.ടി.ജലീല്‍
തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയില്‍ മുസ്ലീം ലീഗിന്റെ പതാക ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. അബദ്ധവശാൽ പോലും പച്ചപ്പതാക ഉയർത്തിപ്പോകരുതെന്ന് പറഞ്ഞ കോണ്‍ഗ്രസ് നാളെ മുസ്ലിംലീഗിൽ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടുവെന്ന് പരിഹസിച്ചു. കോൺഗ്രസ് പണ്ട് ലീഗിനോട് പറഞ്ഞത് സി.എച്ചിനെ സ്പീക്കറാക്കണമെങ്കിൽ ‘തൊപ്പി’ അഴിച്ചുവെക്കണമെന്നാണ്. സ്വന്തം പതാക ഉയർത്തി രാഹുലിനെ വരവേൽക്കാൻ പോലും അവസരം ലഭിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് എന്തു പറയാൻ എന്നും കെ.ടി.ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ തവണ വിവാദമുണ്ടായതിനാല്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാകകള്‍ ഒഴിവാക്കിയായിരുന്നു പ്രവര്‍ത്തകള്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയില്‍ പങ്കെടുത്തത്. ഇതിനെതിരെയാണ് കെ.ടി.ജലീല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ലീഗ് പ്രവർത്തകർ പച്ച ഷർട്ടിട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരുപക്ഷെ, ആട്ടിയോടിക്കപ്പെട്ടേക്കാമെന്നും മുന്നറിപ്പ് നല്കി.
‘യുഡിഎഫ് പരിപാടിയിൽ ലീഗിൻ്റെ കൊടി കെട്ടാൻ ചെന്ന പാവം ലീഗുപ്രവർത്തകൻ്റെ കയ്യിൽ നിന്ന് പതാക പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് “ഇത് പാക്കിസ്ഥാനിൽ കൊണ്ടുപോയി കെട്ടടാ” എന്നലറിയ കോൺഗ്രസ് നേതാവിൻ്റെ സ്വരം വയനാട്ടിലേക്കും വ്യാപിച്ചോ? ലീഗിൻ്റെ അപ്രഖ്യാപിത ‘മൂന്നാം സീറ്റായ’ വടകരയിലെ ഹരിത പതാകയുടെ പുളപ്പൊന്നും വയനാട് ചുരം കയറിയപ്പോൾ കണ്ടില്ലല്ലോ! പച്ചക്കൊടിയുടെ നിഴൽ പോലും ഭയപ്പെടുന്ന രാഹുൽ ഗാന്ധി എങ്ങനെ ന്യൂനപക്ഷ താൽപര്യങ്ങൾക്കായി നിലകൊള്ളുമെന്നാണ് ലീഗ് പറയുന്നത്? കരൾ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാൾ ലീഗ് യുഡിഎഫിൽ തുടരും? ഇൻഡ്യ മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ സ്ഥിതി എത്ര ദയനീയം!’ കെ.ടി.ജലീല്‍ കുറിച്ചു.
ജലീലിന്റെ വിമര്‍ശനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ ആക്ഷേപിച്ച് രംഗത്തെത്തി. ലീഗിന്റെ വോട്ട് വേണം പക്ഷേ പതാക പാടില്ല എന്നത് ഒരുതരം ഭീരുത്വം ആണെന്നും ലീഗിന്റെ പതാക ഉയർത്താതിരിക്കാൻ സ്വന്തം പതാകയും കോൺഗ്രസ് വേണ്ടന്നുവച്ചെന്നും പിണറായി വിജയന് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here