‘മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാകിസ്ഥാന്‍ എന്ന് വിളിച്ചതാരാണ്; ജലീലിന്റെ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം

മലപ്പുറം ജില്ലാ രൂപീകരണത്തെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്ന് കെടി ജലീലിന്റെ പ്രസംഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മലപ്പുറം ജില്ലയിലെ മുസ്ലിം പളളികള്‍ ചൂണ്ടിക്കാട്ടി ജില്ലാ രൂപീകരണത്തെ ജനസംഘം എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസും ഒപ്പം നിന്നു എന്നാണ് ജലീല്‍ പറഞ്ഞത്. കൂടാതെ എന്തിന് ഇനിയൊരു കുട്ടി പാകിസ്ഥാന്‍ എന്ന് കോണ്‍ഗ്രസ് അന്ന് മുദ്രാവാക്യം വിളിച്ചതായും ജലീല്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി.
പ്രതിപക്ഷ അഗംങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മന്ത്രിമാരടക്കം ജലീലിന് സംരക്ഷണവുമായി രംഗത്തെത്തി. ഒരിക്കലും നിയമസഭയില്‍ പറയാന്‍ പാടില്ലാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്. ഗാന്ധി നിന്ദയാണ് ജലീല്‍ നടത്തിയത്. പരാമര്‍ശം പിന്‍വലിക്കാന്‍ എംഎല്‍എ തയാറാവണം. അല്ലെങ്കില്‍ സ്പീക്കര്‍ രേഖകളില്‍ നിന്നും നീക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പരിശോധിക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കുകയും ചെയ്തു.
എന്നാല്‍ വീണ്ടും പ്രസംഗം തുടര്‍ന്ന ജലീല്‍ കുട്ടി പാകിസ്ഥാന്‍ പരാമര്‍ശം ആവര്‍ത്തിച്ചതോടെ വീണ്ടും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കര്‍ പരിശോധിക്കാം എന്ന് പറഞ്ഞ പരാമര്‍ശം വീണ്ടും സഭയില്‍ ഉന്നയിച്ചത് ശരിയായ നടപടിയല്ലെന്ന് സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. ഇത് സ്പീക്കറോടുള്ള അവഹേളനമാണെന്നും സതീശന്‍ പറഞ്ഞു.
ജലീലിന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ജലീല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്തുവെന്ന് പറഞ്ഞു. സിഎച്ച് മുഹമ്മദ് കോയയുടെ പ്രസംഗങ്ങളും ജലീല്‍ പരാമര്‍ശിച്ചു. ഇതോടെ മുസ്ലിം ലീഗ് എംഎല്‍എമാര്‍ പ്രതിഷേധിച്ചു. പികെ ബഷീര്‍ ഇതൊന്നും വായിച്ചിട്ടില്ലെന്ന് ജലീല്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായി പികെ ബഷീര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഇതോടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ രേഖയിലുണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here