അന്‍വറിനോട് ഒരു കാര്യത്തില്‍ യോജിപ്പെന്ന് ജലീല്‍; ഒക്ടോബര്‍ രണ്ടിന് മാധ്യമങ്ങളെ കാണുമെന്നും തവനൂര്‍ എംഎല്‍എ

മുഖ്യമന്ത്രിക്ക് എതിരെ യുദ്ധമുഖം തുറന്ന പി.വി.അന്‍വറിനെ ഭാഗികമായി പിന്തുണച്ച് കെ.ടി.ജലീല്‍ എംഎല്‍എ. എഡിജിപി അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞത്. പോലീസില്‍ വര്‍ഗീയവത്കരണം നടക്കുന്നുവെന്നും ജലീല്‍ ആരോപിച്ചു.
എഡിജിപിക്ക് എതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ ചില കാര്യങ്ങള്‍ അതിലുണ്ട് എന്ന് തോന്നിയതിനാലാണ് സര്‍ക്കാര്‍ അത് അന്വേഷിക്കുന്നത്. അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരട്ടെ. അപ്പോള്‍ യാഥാര്‍ഥ്യം മനസിലാക്കാന്‍ കഴിയും. ഒക്ടോബര്‍ രണ്ടിന് തന്റെ പ്രതികരണം വ്യക്തമാക്കുമെന്നും ജലീല്‍ പറഞ്ഞു.
“പോലീസില്‍ വര്‍ഗീയവത്കരണം നടക്കുന്നുണ്ട്. ബിജെപി കേന്ദ്രത്തില്‍ എത്തിയതോടെയാണ് ഈ അവസ്ഥ വന്നത്. ഐപിഎസ് ഉദ്യോഗസ്ഥരാണ് ബിജെപിക്ക് അനുകൂലമായി ചായുന്നത്.”- ജലീല്‍ പറഞ്ഞു.
പി.വി.അന്‍വര്‍ മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ചതോടെ ഇടതുരാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി തന്നെ ചതിച്ചു. അദ്ദേഹം ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാണ് അന്‍വര്‍ പറഞ്ഞത്. എംഎല്‍എ എന്ന നിലയില്‍ രാജിവയ്ക്കില്ല. എല്‍ഡിഎഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ല. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
ഭരണകക്ഷി എംഎല്‍എ തന്നെ മുഖ്യമന്ത്രിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെ കേരളത്തിലെ ഒരു ഇടതുസര്‍ക്കാരും നേരിടാത്ത പ്രതിസന്ധിയാണ് പിണറായി സര്‍ക്കാര്‍ നേരിടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here