കലോത്സവം പൂര്‍ത്തിയാക്കും; വിവാദങ്ങള്‍ അന്വേഷിക്കും; കലോത്സവ നടത്തിപ്പ് പുന:പരിശോധിക്കാന്‍ സമിതി; കേരള സര്‍വകലാശാലയില്‍ നിര്‍ണ്ണായക തീരുമാനങ്ങളുമായി സിന്‍ഡിക്കറ്റ് യോഗം
തിരുവനന്തപുരം : അലങ്കോലമായ കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. പൂര്‍ത്തിയാക്കാനുള്ള മത്സരങ്ങള്‍ നടത്തും. സംഘനൃത്ത മത്സരം മാത്രമാണ് ഇനി നടത്താനുള്ളത്. തടഞ്ഞു വച്ചിരിക്കുന്ന മത്സര ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്. പരാതി ഉയര്‍ന്ന തിരുവാതിരക്കളി, മാര്‍ഗംകളി മത്സരങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും നടത്തുന്നത് പരിശോധിക്കും. കലോത്സവം പൂര്‍ത്തിയാകുന്നതിന് തൊട്ടുമുൻപ് നിര്‍ത്തിവച്ച് വിസി ഡോ: മോഹനന്‍ കുന്നുമ്മലിന്റെ നടപടി ശരിയായില്ലെന്നും സിന്‍ഡിക്കറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കലോത്സവത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ പരിശോധിക്കാന്‍ സിന്‍ഡിക്കറ്റ് ഉപസമിതിയേയും യോഗം നിയോഗിച്ചു. വിധി നിര്‍ണ്ണയത്തിലെ കോഴ, സംഘര്‍ഷങ്ങള്‍, വിധികര്‍ത്താവിന്റെ ആത്മഹത്യ തുടങ്ങി എല്ലാം പരിശോധിക്കാനാണ് തീരുമാനം. ഉപസമിതിയോട് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡോ. ഗോപിചന്ദ്രന്‍, അഡ്വ. ജി. മുരളീധരന്‍, മുന്‍ എംഎല്‍എ ആര്‍.രാജേഷ്, ഡോ.ജയന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും കലോത്സവം വീണ്ടും നടത്തുന്നതിനുള്ള തീയതി തീരുമാനിക്കുക. സര്‍വകലാശാല യൂണിയന്റെ കാലാവധി നീട്ടി നല്‍കാത്ത വിസിയുടെ തീരുമാനവും സിന്‍ഡിക്കറ്റ് യോഗം തിരുത്തി. രണ്ട് മാസത്തേക്ക് കൂടി യൂണിയന്റെ കാലാവധി നീട്ടി നല്‍കും.
കലോത്സവം വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്നത് പുന:പരിശോധിക്കുന്നത് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിന്‍ഡിക്കറ്റ് അംഗങ്ങളും, വിദ്യാര്‍ത്ഥികളും, അധ്യാപകരും, കലാകാരന്‍മാരും അടങ്ങുന്ന സമതിയാകും ഇക്കാര്യം പരിശോധിക്കുക. വിവാദങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ യുവജനോത്സവത്തിന്റെ മാത്യകയില്‍ സര്‍വകലാശാല കലോത്സവവും നടത്തുന്നതാണ് പരിഗണനയിലുളളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here