ആരോഗ്യസര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മലിന് പുനര്‍ നിയമനം; 14 സര്‍വകലാശാലകളും ഇന്‍ചാര്‍ജ് ഭരണത്തില്‍

കേരളത്തിലെ സര്‍വകലാശാലകള്‍ ഇന്‍ചാര്‍ജ് ഭരണത്തില്‍ തുടരവേ ആരോഗ്യ സര്‍വകലാശാല വിസിക്ക് പുനര്‍ നിയമനം. നിലവിലെ വിസി ഡോ. മോഹനന്‍ കുന്നുമ്മലിന് ആണ് വീണ്ടും പുനര്‍ നിയമനം നല്‍കിയത്. കാലാവധി അവസാനിക്കാനിരിക്കെയാണ് പുനര്‍ നിയമനം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉത്തരവിറക്കി. അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 70 വയസ് തികയുന്നതുവരെയോ ആണ് നിയമനം.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ ഭാഗമായി സര്‍വകലാശാലകളില്‍ ഇന്‍ചാര്‍ജ് ഭരണം തുടരുകയാണ്. വിസി നിയമനത്തിനുള്ള സര്‍ച്ച്കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ആര്‍ക്കാണ് എന്നതിലാണ് തര്‍ക്കം തുടരുന്നത്. പ്രശ്നം കോടതിയിലാണ്. തീര്‍പ്പ്‌ വന്നിട്ടില്ല. സംസ്ഥാനത്തെ പതിനാല് സര്‍വകലാശാലയിലും ഇപ്പോള്‍ സ്ഥിരം വിസിയില്ല. കേരള സര്‍വകലാശാലയില്‍ വിസി ഇല്ലാത്തതിനാല്‍ ആരോഗ്യ സര്‍വകലാശാല വിസിയായ മോഹനന്‍ കുന്നുമ്മലിനാണ് താല്‍കാലിക ചുമതല. ഇത് തുടരണം എന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിരം വിസിമാര്‍ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. സീനിയര്‍ പ്രൊഫസര്‍മാര്‍ക്ക് വിസി ചുമതല നല്‍കിയാണ്‌ മുന്നോട്ട് പോകുന്നത്

ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല വിസിമാരുടെ കാലാവധിയും തീരുകയാണ്. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായ സജി ഗോപിനാഥിനാണ് സാങ്കേതിക സര്‍വകലാശാല വിസിയുടെ താല്‍കാലിക ചുമതല. സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിലും സജി ഗോപിനാഥിന്റെ പേരുണ്ട്. രണ്ടിടത്തും വിസിമാരുടെ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം ഗവര്‍ണര്‍ ആണ് എടുക്കേണ്ടത്.

സര്‍ക്കാര്‍ നല്‍കുന്ന പേരുകളില്‍ നിന്നും വിസി നിയമനം ഗവര്‍ണര്‍ നടത്തണം എന്നാണ് സാങ്കേതിക സര്‍വകലാശാല ചട്ടം. ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് കെടിയു മുന്‍ വിസിയായ ഡോ.എം.എസ്.രാജശ്രീയുടെ പേരിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ മറ്റു വിസിമാരോട് സ്ഥാനം ഒഴിയാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഇതോടെയാണ് വിസി പ്രശ്നത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടങ്ങിയത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top