കുമ്പഴ ബസപകടത്തിൻ്റെ ഇരകളിലൊരാൾ കൂടി വിടപറഞ്ഞു; 98കാരൻ്റെ അന്ത്യം ദുരന്തത്തിന് 45 വർഷത്തിന് ശേഷം

പത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ റോഡ് അപകടമെന്ന് അറിയപ്പെടുന്ന കുമ്പഴ കോമോസ് ബസപകടത്തില്‍ നിന്ന് രക്ഷപെട്ടവരിൽ ഏറ്റവും പ്രായമേറിയയാൾ ലോകത്തോട് വിടപറഞ്ഞു. മലയാലപ്പുഴ കടവുപുഴ ആനക്കല്ലില്‍ നാണുവാണ് ക്യാന്‍സര്‍ ബാധിതനായി മരിച്ചത്. അപകടം കഴിഞ്ഞ് 45 വർഷത്തിന് ശേഷം 98ാം വയസിലായിരുന്നു അന്ത്യം.

1979 മാര്‍ച്ച് 30 വെള്ളിയാഴ്ചയാണ് കേരളത്തെ നടുക്കിയ അപകടമുണ്ടായത്. രാവിലെ എട്ടരക്ക് പോകേണ്ട പുതുക്കുളം – പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ട്രിപ്പ് മുടങ്ങി. അതിനാല്‍ തൊട്ടുപിന്നാലെ വന്ന കൊല്ലം മോട്ടോര്‍ സഹകരണ സംഘത്തിന്റെ കോമോസ് ബസില്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞ് കയറി. മലയാലപ്പുഴ ക്ഷേത്രം കഴിഞ്ഞ് മയിലാടുംപാറ മുതല്‍ കുമ്പഴ വരെ കുത്തിറക്കമാണ്. ഇറക്കം പകുതിയായപ്പോള്‍ ബ്രേക്ക് നഷ്ടമായി. ഇക്കാര്യം ഡ്രൈവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തു. കാല്‍നടക്കാരെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബസ് മരത്തിലും മതിലിലുമായി ഇടിച്ചു കയറുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസില്‍ 156 പേരുണ്ടായിരുന്നുവെന്നാണ് കണക്ക്. 34 പേര്‍ തല്‍ക്ഷണം മരിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ പന്ത്രണ്ടും പേരും മരണത്തിന് കീഴടങ്ങി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, പയനിയര്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, മലയാലപ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവയർ, കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാധാരണക്കാരും അടക്കമുള്ളവരാണ് അപകടത്തില്‍പെട്ടത്.

നാട്ടിലെ ഒരു സാധാരണ കച്ചവടക്കാരനായിരുന്നു നാണു. പത്തനംതിട്ടയില്‍ നിന്നും കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി കൊണ്ടുവരാനായിരുന്നു അന്നത്തെ യാത്ര. അപകടത്തില്‍ വലത്ത് കാലിന്റെ പെരുവിരല്‍ നഷ്ടമായി. മറ്റ് ഗുരുതര പരിക്കുകളൊന്നും നാണുവിന് ഏറ്റില്ല. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നിര്യാതനായത്. ഇന്‍ഷുറന്‍സോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചില്ലെന്ന് നാണുവിന്റെ മകളുടെ ഭര്‍ത്താവ് പ്രസാദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top