അമ്മയുടെ മരണത്തില്‍ തെറിച്ചത് 29 വര്‍ഷത്തെ ജോലി; കേരള ബാങ്ക് സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജി നല്‍കുമെന്ന് അന്നക്കുട്ടിയുടെ മകന്‍

കുമളി: മക്കള്‍ നോക്കാത്തതിനെ തുടര്‍ന്ന് അമ്മ അനാഥയായി മരിച്ച സംഭവത്തില്‍ നടപടികള്‍ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ അന്നക്കുട്ടിയുടെ മകന്‍ എം.എം.സജിമോനെതിരെയാണ് നടപടി വന്നത്. കേരള ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന സജിമോനെ ബാങ്ക് സസ്പെന്‍ഡ് ചെയ്തു. അന്നക്കുട്ടിയുടെ മരണം വിവാദമായതിനെ തുടര്‍ന്ന് മകള്‍ സിജി സിറിലിനെ നേരത്തെ താത്ക്കാലിക ജോലിയില്‍നിന്ന് കുമളി പഞ്ചായത്ത് പിരിച്ചു വിട്ടിരുന്നു.

അമ്മയെ നോക്കാത്തതിന്റെ പേരില്‍ വയോജന സംരക്ഷണ നിയമം അനുസരിച്ച് കുമളി പോലീസ് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സജിമോന്റെ ജോലിയും തെറിക്കുന്നത്. അമ്മയായ അന്നക്കുട്ടിയെ സംരക്ഷിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും അവസാന കാലത്ത് അമ്മയുമായി പ്രശ്നങ്ങള്‍ വന്നപ്പോഴാണ് അകന്നുനിന്നതെന്നാണ് സജിമോന്റെ വാദം.

അമ്മയെ നോക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായതില്‍ വിഷമമുണ്ടെന്നാണ് സജിമോന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞത്. ” അവസാനകാലത്ത് അമ്മയെ നോക്കിയില്ലെന്ന ആരോപണം വേട്ടയാടുകയാണ് അതിനിടയിലാണ് കേരള ബാങ്കിലെ ജോലിയും നഷ്ടമാകുന്നത്. രണ്ട് മാസം കാത്തിരിക്കും. ബാങ്ക് നടപടി പിന്‍വലിച്ചില്ലെങ്കില്‍ രാജി നല്‍കും. അമ്മയുടെ മരണത്തിന്റെ പേരില്‍ ജോലി നഷ്ടമാകുമെന്നൊന്നും കരുതിയില്ല. 29 വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുകയാണ്. സ്ഥിരജോലി എന്ന് പറയാന്‍ കഴിയില്ല. കളക്ഷനില്‍ നിന്നുള്ള കമ്മീഷനാണ് ശമ്പളമായി ലഭിക്കുന്നത്. ജോലി തിരിച്ച് കിട്ടുമോയെന്ന് അറിയില്ല. ജോലിയില്ലാതെ പിടിച്ച് നില്‍ക്കാന്‍ പ്രയാസമാണ്”-സജിമോന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ബാങ്ക് സജിമോന് കൈമാറിയിട്ടുണ്ട്.

മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നു. ബാങ്കിന്റെ സല്‍പ്പേരിന് കളങ്കം സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മകനെന്ന നിലയിലുള്ള ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയതിന് പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ താങ്കളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നുവെന്നാണ് സജിമോന് ബാങ്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്.

രണ്ട് മക്കളും കയ്യൊഴിഞ്ഞ് അനാഥാവസ്ഥയിലാണ് അവസാന നാളുകളില്‍ അന്നക്കുട്ടി കഴിഞ്ഞത്. ഇതിനിടയില്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വാര്‍ഡ്‌ കൗണ്‍സിലര്‍ ജയമോളും പോലീസും എത്തിയാണ് ഇവരെ ആദ്യം കുമളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ 20-നാണ് മരിച്ചത്. അന്നക്കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് മകള്‍ എത്തിയില്ല. മകനായ സജിമോന്‍ കാഴ്ചക്കാരനായാണ് പങ്ക് കൊണ്ടത്. ഇത് വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു. സംസ്‌കാരത്തിന് ജില്ലാ കളക്ടർ അടക്കമുള്ളവരാണ് നേതൃത്വം നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top