അന്നക്കുട്ടിയുടെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി കളക്ടര്‍; മക്കള്‍ക്കെതിരെ കേസ് പരിഗണനയിലെന്ന് എസ്പി; അമ്മയെ ഉപേക്ഷിച്ച മക്കള്‍ കുടുങ്ങിയേക്കും

കുമളി: അട്ടപ്പള്ളത്തെ അന്നക്കുട്ടിയുടെ മരണം വിവാദമായിരിക്കെ അന്വേഷണത്തിന് ജില്ലാ ഭരണകൂടം. അമ്മയെ മക്കള്‍ ഉപേക്ഷിക്കാനുള്ള കാരണവും തുടര്‍ന്നുള്ള മരണവുമാണ്‌ അന്വേഷിക്കുക. അട്ടപ്പള്ളത്തെ വാടക വീട്ടില്‍ അവശനിലയിലായിരുന്ന വയോധികയെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. ഇവിടുത്തെ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്നക്കുട്ടി മരണത്തിന് കീഴടങ്ങിയത്.

അന്നക്കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ ഷീബാ ജോർജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പോലീസും അന്നക്കുട്ടിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. “വിവരങ്ങൾ ശേഖരിക്കുകയാണ്. മക്കള്‍ക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിലുണ്ട്” ഇടുക്കി എസ്പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.

സ്വന്തം വീടും സ്ഥലവും വിറ്റുകിട്ടിയ 16 ലക്ഷത്തോളം രൂപ മക്കള്‍ക്ക് ഭാഗിച്ച് നല്‍കിയെങ്കിലും പിന്നീട് ഇവരെ മക്കള്‍ തിരിഞ്ഞുനോക്കിയില്ല. അട്ടപ്പള്ളത്ത് വാടകവീട് എടുത്തുനൽകിയാണ് പിന്നീട് അന്നക്കുട്ടിയെ താമസിപ്പിച്ചത്. ഇതിനിടയില്‍ വീണ് പരുക്കുപറ്റി. തിരിഞ്ഞു നോക്കാനാളില്ലാതെ നരകിച്ച് കിടന്നിരുന്ന അന്നക്കുട്ടിയെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്. കേരള ബാങ്കുദ്യോഗസ്ഥനായ മകന്‍ സജി മാത്യുവും തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ജീവനക്കാരിയായ മകള്‍ സിജി സിറിലുമാണ് മക്കള്‍.

ദുരവസ്ഥ അറിഞ്ഞാണ് ഞങ്ങളെല്ലാവരും എത്തിയത്. പോലീസില്‍ വിവരം അറിയിച്ച ശേഷം അന്നക്കുട്ടിക്ക് ഒപ്പം നില്‍ക്കുകയായിരുന്നുവെന്നാണ് വാര്‍ഡ്‌ കൗണ്‍സിലര്‍ ജയമോള്‍ മനോജ്‌ പറഞ്ഞത്. അന്നക്കുട്ടിയുടെ മക്കള്‍ സിജി സിറിലും സംസ്കാര ചടങ്ങുകള്‍ക്ക് എത്തിയില്ലെന്ന് കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണിയും പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top