അമ്മയെ ഉപേക്ഷിച്ച മക്കള്‍ക്കെതിരെ പോലീസ് കേസ്; സജിമോനും സഹോദരി സിജിക്കുമെതിരെ അച്ചടക്ക നടപടിയും വന്നേക്കും
കുമളി: മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ആശുപത്രിയിലാക്കിയ വയോധിക മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യുവിന്റെ മരണത്തില്‍ മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരൻ സജിമോന്‍ , സഹോദരി സിജി എന്നിവർക്കെതിരേയാണ് കേസ്. വാര്‍ഡ് കൌണ്‍സിലര്‍ ജയമോള്‍ മനോജ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. വയോജന സംരക്ഷണ നിയമം വകുപ്പ് 24 അനുസരിച്ചാണ് കേസ്.
കുമളി ഒന്നാം മൈലിലെ വീടും രണ്ട് ഏക്കര്‍ ഭൂമിയും വിറ്റശേഷം 16 ലക്ഷത്തോളം രൂപയാണ് അന്നക്കുട്ടി രണ്ട് മക്കള്‍ക്കും ഭാഗിച്ച് കൊടുത്തത്. ഇതിനു ശേഷമാണ് അമ്മക്ക് വാടകവീട് എടുത്ത് നല്‍കി മക്കള്‍ മുങ്ങിയത്. ശാരീരിക അവശതയും രോഗവും കാരണം വലഞ്ഞിരുന്ന അന്നക്കുട്ടി ഇതിനിടെ വീണു വലതുകൈ ഒടിഞ്ഞു. പരസഹായമില്ലാതെ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. വിവരം അറിഞ്ഞ് വാര്‍ഡ് കൗണ്‍സിലറായ ജയമോള്‍ മനോജും നാട്ടുകാരും എത്തിയാണ് പോലീസ് സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായ ഇവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്നക്കുട്ടി മരിച്ചത്.
മൃതദേഹം വീട്ടിലെത്തിക്കാനും മക്കള്‍ തയ്യാറാകാതെ വന്നതോടെ ജില്ലാ ഭരണകൂടമാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജും കുമളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോബിന്‍ ആന്റണിയും ജനപ്രതിനിധികളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്നക്കുട്ടിയുടെ മരണത്തില്‍ റിപ്പോര്‍ട്ട് തേടിയതായി കളക്ടറും മക്കള്‍ക്കെതിരെ കേസെടുക്കുന്നത് പരിഗണനയിലാണെന്ന് എസ്പി ടി.കെ.വിഷ്ണു പ്രദീപും ഇന്നലെ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചിരുന്നു.
അമ്മക്ക് ജീവന്‍ നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കുമളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നോട്ടീസ് നല്‍കിയിട്ടും പരിചരിക്കാന്‍ എത്താത്ത മക്കള്‍ക്ക് എതിരെ അച്ചടക്ക നടപടിയുണ്ടാകാന്‍ സാധ്യത ഏറി. സജിമോനെതിരെ കേരള ബാങ്ക് അന്വേഷണവും തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ താത്കാലിക ജീവനക്കാരിയായ സിജിക്കെതിരെയും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ടെന്ന് കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here