വനപാലകരെ വെട്ടിച്ചുകടന്ന കുങ്കിയാനയെ തിരിച്ചെത്തിച്ചു; ശ്രീനിവാസൻ പോയത് പഴയ കൂട്ടുകാർക്കൊപ്പം

പാലക്കാട്: നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് എത്തിച്ച കുങ്കിയാന അതേ കാട്ടാനകൾക്കൊപ്പം കാടുകയറി. പന്തല്ലൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം. കുറച്ചു ദിവസങ്ങളായി ജനവാസ മേഖലയിൽ കറങ്ങിയ കാട്ടാനയെ തുരത്താനാണ് മുതുമലയിൽ നിന്നു വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ വനംവകുപ്പ് കൊണ്ടുവന്നത്.

കാട്ടാനകൾ വരുന്നവഴിയിൽ കുങ്കിയാനകളെ തളച്ചു. രാത്രി എട്ടുമണിയോടെ പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായി. മഞ്ഞുനീങ്ങിയപ്പോൾ, ശ്രീനിവാസൻ എന്ന കുങ്കിയാനയെ കാണാനില്ല. കാട്ടാനകൾക്കൊപ്പം ശ്രീനിവാസൻ പോയിരുന്നു. വനപാലകരും പാപ്പാന്മാരും പരിസരം മുഴുവൻ തിരഞ്ഞ് രാത്രി 12 മണിയോടെ കാട്ടാനകൾക്കൊപ്പം ശ്രീനിവാസനെ കണ്ടെത്തി. പിന്നീട് ഏറെ പണിപ്പെട്ട് മറ്റു കുങ്കിയാനകളുടെ സഹായത്തോടെ, ശ്രീനിവാസനെ തിരിച്ചുകൊണ്ടുവന്നു. പിറ്റേന്ന് രാവിലെ ശ്രീനിവാസനെ കാണാൻ വീണ്ടും കാട്ടാനകൾ എത്തി. കാട്ടുകൊമ്പന്മാരെ വനപാലകർ വിരട്ടിയോടിക്കുകയായിരുന്നു.

വർഷങ്ങൾക്ക് മുൻപ് പന്തല്ലൂരിൽ നിന്നാണ് വനംവകുപ്പ് ശ്രീനിവാസനെ പിടികൂടിയത്. പിന്നീട് മുതുമല തേപ്പക്കാട് ആനസങ്കേതത്തിൽ എത്തിച്ച് പരിശീലനം നൽകി കുങ്കിയാനയാക്കി. ശ്രീനിവാസൻ്റെ അന്നത്തെ കളിക്കൂട്ടുകാരാകാം ഇപ്പോൾ ജനവാസ മേഖലയിലെത്തുന്ന കാട്ടുകൊമ്പന്മാരെന്ന് വനപാലകർ കരുതുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top