‘പവര്‍ ഗ്രൂപ്പുണ്ട്’ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ; യുവസംവിധായികയ്ക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ


മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം വലിയ ചർച്ചയായ പ്രയോഗമായിരുന്നു ‘പവർ ഗ്രൂപ്പ്’ എന്നത്. മലയാള ചലച്ചിത്ര മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഇല്ലെന്നും തരത്തിലുള്ള നിരവധി വാദ പ്രതിവാദങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഉയർന്നത്. ഇപ്പോഴിതാ പവർ ഗ്രൂപ്പ് എന്ന് പരാമർശിച്ച് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര നടനായ കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബനെ ഉദ്ദേശിച്ച് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ സംവിധായിക സൗമ്യ സദാനന്ദൻ്റെ പോസ്റ്റിന് ശേഷമാണ് നടൻ്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ഭാര്യ പ്രിയക്കും മകന്‍ ഇസഹാക്കിനുമൊപ്പമുള്ള വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോക്ക് നടന്‍ നല്‍കിയ തലക്കെട്ടാണ് യുവ സംവിധായികയുടെ പോസ്റ്റുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയ ചേർത്തുവായിക്കുന്നത്. ‘എന്റെ പവര്‍ ഗ്രൂപ്പ്’ എന്ന് നടൻ കുറിച്ച ക്യാപ്ഷനാണ് പുതിയ ചർച്ചാ വിഷയം.

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ‘മാംഗല്യം തന്തുനാനേന’. ഈ ചിത്രത്തിൻ്റെ സംവിധായികയായ സൗമ്യ സദാനന്ദന്‍ താന്‍ ഹേമ കമ്മറ്റിക്ക് മുമ്പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു എന്ന സൂചിപ്പിച്ച് ഫെയ്സ്ബുക്ക് പോസിറ്റിട്ടിരുന്നു. ‘എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മറ്റിക്ക് നന്ദി’, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. മലയാള സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്കുപോലും മറ്റൊരു മുഖമുണ്ട്. തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്‌തെന്നും ആ കുറിപ്പിൽ ആരോപിച്ചിരുന്നു. കുഞ്ചാക്കോ ബോബനെ ലക്ഷ്യം വച്ചുള്ള കുറിപ്പിനുള്ള മറുപടിയാണ് നടൻ പങ്കുവച്ച വീഡിയോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

2018ലാണ് ആദ്യ സിനിമയായ ‘മാംഗല്യം തന്തുനാനേന’ ചെയ്തത്. അതിനു ശേഷം ഇതുവരെ തനിക്ക് അവസരങ്ങൾ ലഭിച്ചില്ല. 2019ൽ മാത്രം 10 പേരെയാണ് കണ്ടത്. അതിൽ എട്ടുപേരും എന്റെ പ്രോജക്ട് വേണ്ടെന്ന് പറഞ്ഞു. രണ്ടു വനിതാ പ്രൊഡ്യൂസർമാരെ സമീപിച്ചെങ്കിലും പ്രോജക്ടുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തു. 2020ല്‍ സിനിമ വിട്ടു. താന്‍ മനപൂര്‍വ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ലെന്നും സംവിധായിക ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

ലൈംഗിക ബന്ധത്തിന് തയാറാവണമെന്ന് ആവശ്യപ്പെട്ടത് സിനിമയിലെ ഒരു പവർ പേഴ്‌സൺ ആണ്. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അത് കള്ളം പറയുകയാണെന്നും സൗമ്യ കുറിപ്പിൽ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top