കുറുവ കവര്‍ച്ചാ സംഘവുമായി ബന്ധം; രണ്ട് ദിവസത്തിനുള്ളില്‍ കുട്ടവഞ്ചിക്കാര്‍ ഒഴിയണമെന്ന് മരട് നഗരസഭ

കവര്‍ച്ചയുമായി ബന്ധപ്പെട്ട് കുറുവ കവര്‍ച്ചാ സംഘത്തില്‍പ്പെട്ട സന്തോഷ്‌ ശെല്‍വത്തെ അറസ്റ്റ് ചെയ്തതോടെ കുണ്ടന്നൂരിലെ കുട്ടവഞ്ചിക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം. ഇവര്‍ കുണ്ടന്നൂര്‍ പാലത്തിന് താഴെ തമ്പടിച്ചിരിക്കുകയായിരുന്നു. കവര്‍ച്ച സംഘാംഗങ്ങളും ഇവര്‍ക്കിടയിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് തീരുമാനം. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് സംഘത്തില്‍ കൂടുതല്‍ ഉള്ളത്.

ആലപ്പുഴയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സന്തോഷിനെ പിടികൂടിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. മാസങ്ങളോളമായി ഇവര്‍ പാലത്തിന് കീഴെ തങ്ങുകയാണ്. ഇവര്‍ ആരൊക്കെയാണ് എന്ന് നഗരസഭയ്ക്കും അറിയില്ല. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും കയ്യിലില്ല. വ്യാഴാഴ്ച അഞ്ച് മണിക്ക് അകം ഒഴിയണം എന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. ഈ സമയം കഴിഞ്ഞിട്ടും മാറിയില്ലെങ്കില്‍ ഒഴിപ്പിക്കുമെന്നാണ് മരട് നഗരസഭാ അധികൃതര്‍ അറിയിച്ചത്.

Also Read: കൈവിലങ്ങോടെ ചാടിപ്പോയ കുറുവസംഘാംഗം എന്ന് കരുതുന്നയാള്‍ പിടിയില്‍; ഒപ്പമുള്ള രണ്ടുപേര്‍ കസ്റ്റഡിയില്‍

കുറുവ സംഘത്തിൽപ്പെട്ട 14 പേരാണ് കവര്‍ച്ചകള്‍ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ കൂടി പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. സന്തോഷിന്റെ പേരിൽകേരളത്തിലും തമിഴ്നാട്ടിലുമായി 30 കവര്‍ച്ചാ കേസുകളുണ്ട്. ബന്ധുവായ മണികണ്ഠനുമായി കുണ്ടന്നൂരിൽ താമസിക്കുന്നതിനിടെയാണ് പിടിയിലായത്. കസ്റ്റഡിയില്‍ നിന്നും കൈവിലങ്ങുമായി ചാടിപ്പോയ ഇയാളെ പണിപ്പെട്ടാണ് പോലീസ് പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top