പരസ്യ പ്രതിഷേധമില്ല; ബഹിഷ്‌കരണം മാത്രമെന്ന് മുസ്ലീം ലീഗ്

മലപ്പുറം : നവകേരള സദസിനെതിരായി പരസ്യ പ്രതിഷേധങ്ങള്‍ക്കില്ലെന്ന് മുസ്ലീം ലീഗ്. ബഹിഷ്‌കരണം മാത്രമാണ് തങ്ങളുടെ പ്രതിഷേധപരിപാടിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും നവകേരള സദസ് നടക്കുന്ന വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്യുന്നതിനിടയിലാണ് പരസ്യ പ്രതിഷേധത്തിനില്ലെന്ന ലീഗിന്റെ ചാഞ്ചാട്ടം. പ്രതിഷേധക്കാരെ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ മര്‍ദ്ധിച്ചതടക്കം ഉയര്‍ത്തി മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ക്രിമിനലും നികൃഷ്ടനുമാണെന്നും എത്രയും വേഗം രാജിവയക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ വിമര്‍ശനം കടുപ്പിക്കുന്നതിനിടയിലാണ് ലീഗ് മുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന നിലപാടെടുത്തിരിക്കുന്നത്.

യുഡിഎഫ് നവകേരള സദസ് ബഹിഷ്‌കരിക്കുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ നിരത്തിലിറങ്ങിയുളള
പ്രതിഷേധങ്ങള്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ പ്രതികരണം. ഇത്തരം പ്രതിഷേധം നടത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടില്ല. നവകേരള സദസിന് ബദലായി ഒരു പരിപാടി യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പരിപാടി അവര്‍ വിജയിപ്പിക്കും നമ്മുടേത് നമ്മളും വിജയിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിഷേധക്കാരെ മര്‍ദ്ദിച്ചതടക്കം ഉയര്‍ത്തി വൈകാരികമായ വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുമ്പോഴാണ് മുസ്ലീം ലീഗ് ഇത്തരമൊരു നിലപാടെടുത്തിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും എതിര്‍പ്പ് ഉയരുമെന്നുറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top