മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഒന്നും നടന്നില്ല; വ്യവസായ സൗഹൃദ കേരളമെന്നത് പറച്ചില്‍ മാത്രം; ഒരു കോടിയുടെ നിക്ഷേപം കാടു കയറുന്നതുകണ്ട് മരവിച്ച് കുരുവീസ് ഹോംസ്‌റ്റേ ഉടമകള്‍

കോട്ടയം : ഒരു കോടി മുടക്കി ആരംഭിച്ച കോട്ടയം പാറമ്പുഴയിലെ കുരുവീസ് ഹോംസ്റ്റേ 2 വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധവും ബോര്‍ഡ് സ്ഥാപിച്ചുളള പ്രചരണവുമാണ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യവസായ സംരംഭത്തെ ഈ നിലയിലാക്കിയത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിക്ഷേപകരായ ബിനു കുര്യനും ഭാര്യ സുധ കുര്യനും കയറി ഇറങ്ങാത്ത ഓഫീസുകളില്ല, പരാതി നല്‍കാത്തയിടമില്ല എന്നാല്‍ നീതി മാത്രം ലഭിച്ചില്ല. എസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല.

അവസാന ശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പരാതി നല്‍കി. ഫെബ്രുവരി 12 ന് പരാതി തുടര്‍ നടപടിക്ക് കോട്ടയം എഎസ്പിക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചു. എന്നാല്‍ ഈ ഉദ്യോഗസ്ഥനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഹോംസ്റ്റേ ഉടമ ബിനു കുര്യന്‍ മാധ്യമ സിന്‍ഡിക്കറ്റിനോടു പറഞ്ഞു. ഇനിയെന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയെന്നാണ് ബിനു പറയുന്നത്. ഇത്രയും തുക മുടക്കിയിട്ടും ഒരു വരുമാനവും ലഭിക്കാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതുകൂടാതെ ഭീഷണിയും മറ്റുമായി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം താങ്ങാനാവുന്നില്ലെന്നും ബിനു പറയുന്നു.

2012ലാണ് കുരുവീസ് ഹോംസ്റ്റേ പ്രവര്‍ത്തനം തുടങ്ങിയത്. 2021ല്‍ ഒരു കോടി രൂപ മുടക്കി നവീകരിച്ചതോടെയാണ് പ്രശ്നങ്ങളും ആരംഭിച്ചത്. ഹോംസ്റ്റേക്ക് സമീപമുളള സിപിഎം പ്രവര്‍ത്തകര്‍ നവീകരണത്തിന് പിന്നാലെ തന്നെ ഉപദ്രവവും തുടങ്ങിയെന്നാണ് ബിനു കുര്യന്‍ പറയുന്നത്. 2012 മുതല്‍ 2022 വരെ ലൈസന്‍സോടു കൂടി പ്രവര്‍ത്തിച്ച സ്ഥാപനത്തിനു നേരെ അന്ന് മുതല്‍ വ്യാജ പ്രചരണം തുടങ്ങി. ഗസ്റ്റിനെ തെറി വിളിക്കുക, വാഹനം തടയുക, ഭീഷണിപ്പെടുത്തുക, പോലിസിനെ വിളിച്ച് വരുത്തി അതിഥികളെ ഭീഷണിപ്പെടുത്തുക, കമ്പിവടിയടക്കമുളള മാരാകായുധങ്ങളുമായി വന്ന് ആക്രമിക്കുക തുടങ്ങി നിരവധി ഉപദ്രവങ്ങളാണ് ഈ നിക്ഷേപകര്‍ക്ക് നേരിടേണ്ടി വന്നത്. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയെങ്കിലും സുഗമമായി പ്രവര്‍ത്തിക്കാനാകാത്ത ഹോം സ്‌റ്റേ പൂട്ടിയിട്ടു. റോഡിലൂടെ ഗസ്റ്റുകളെ എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇതിനിടയില്‍ ഒരുതവണ ഹോം സ്‌റ്റേയോട്് ചേര്‍ന്ന പുഴയിലൂടെ ഗസ്റ്റുകളെ എത്തിച്ചു. എന്നാല്‍ ഇതും തുടരാനായില്ല. ഇതോടെ പൂര്‍ണ്ണമായും അടച്ചിട്ട് കാടുകയറി നശിക്കുകയാണ് കുരുവീസ് നെസ്റ്റ്.

സംസ്ഥാനത്തേക്ക് നിക്ഷേപം ക്ഷണിക്കാന്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തുന്ന സംസ്ഥാനത്താണ് ഒരാള്‍ ഇങ്ങനെ നീതിക്കായി ഓഫീസുകള്‍ കയറി ഇറങ്ങുന്നത്. കേരളം നിക്ഷേപ സൗഹൃദമെന്ന് പറയുന്ന വ്യവസായ മന്ത്രിയോ വിനോദസഞ്ചാര മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്ന ടൂറിസം മന്ത്രിയോ ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്തുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top