കുവൈത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു; ഡിഎന്‍എ പരിശോധനയും നടത്തുന്നു; മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ എത്തിക്കും

കുവൈത്തിലെ മംഗെഫിൽ എൻബിടിസി തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ഷമീര്‍ ഉമറുദ്ദീന്‍ (30), സാജന്‍ ജോര്‍ജ് (29), ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ ആകാശ് ശശിധരന്‍ നായര്‍ (31), സജു വര്‍ഗീസ് (56), പി.വി. മുരളീധരന്‍ (68), തോമസ് ഉമ്മന്‍(37), കോട്ടയം സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബു (29) ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ നൂഹ് (40 എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ കെ. രഞ്ജിത്ത് (34), കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കുവൈത്തിലേക്ക് തിരിച്ച കേന്ദ്രവിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് രാവിലെ അവിടെ എത്തും. അതിനുശേഷം നടപടികള്‍ വേഗത്തിലാക്കും. മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിലാണ് എത്തിക്കുന്നത്.
അപകടത്തില്‍ 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50 -ലധികം പേരില്‍ മുപ്പതോളം പേര്‍ മലയാളികളാണ്. മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. കുവൈത്ത് പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു.
തിരുവല്ല സ്വദേശിയായ പ്രമുഖ വ്യവസായി കെ.ജി.എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്‍ബിടിസി കമ്പനി. ഈ കമ്പനിയിലെ തൊഴിലാളികളാണ് ക്യാമ്പിലുണ്ടായിരുന്നത്. ചികിൽസയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.
തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കി. കുവൈത്തിലുണ്ടായ തീപിടിത്തം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here