കുവൈത്തില്‍ നിന്നും മൃതദേഹങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു; രാവിലെ കൊച്ചിയില്‍ എത്തും; ആംബുലൻസുകൾ സജ്ജം

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിൽ എത്തിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. 46 ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും.
കുവൈത്തിലെ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലാണ് അറസ്റ്റ്. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു.
തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈത്ത് ഫയര്‍ഫോഴ്സിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മലയാളിയായ കെ.ജി.ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് ബുധനാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. അപകടത്തിൽ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. പരുക്കേറ്റ 28 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ അഞ്ച് മലയാളികൾ അപകടനില തരണം ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here