ചേതനയറ്റ് എത്തിയ 23 പേരെയും കേരളം ഏറ്റുവാങ്ങി; മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് വീടുകളിലേക്ക് എത്തിക്കും; ഹൃദയവേദനയില്‍ ഉരുകി നാട്

കുവൈത്തില്‍ പൊലിഞ്ഞ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഇതില്‍ 23 പേര്‍ മലയാളികളാണ്. കുടുംബത്തിന്റെ പ്രതീക്ഷകളായി കുവൈത്തില്‍ എത്തിയ ശേഷം ചേതനയറ്റ ശരീരങ്ങളായി അവര്‍ മടങ്ങിയെത്തിയപ്പോള്‍ ഹൃദയവേദനയോടെയാണ് കേരളം ഏറ്റുവാങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഞെട്ടലോടെയാണ് നാടാകെ വാര്‍ത്ത കേട്ടത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും ആ രീതിയില്‍ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരും ശരിയായ രീതിയില്‍ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. നടപടിക്രമങ്ങള്‍ വേഗതയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരും ഇടപെടണം. ശരിയല്ലാത്ത ചില സമീപനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ വിവാദത്തിനുള്ള സമയമല്ല.” – ആരോഗ്യമന്ത്രിക്ക് കുവൈത്തില്‍ പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ച സംഭവം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമമമന്ത്രി സെന്‍ജി കെ.എസ്.മസ്താനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തി.
മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും. മൃതദേഹവുമായി പോകുന്ന ഓരോ ആംബുലൻസിനൊപ്പവും പൊലീസ് പൈലറ്റ് വാഹനമുണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here