പ്രവാസികള്‍ക്ക് നോവായി കുവൈത്ത് വീണ്ടും; 1990ല്‍ യുദ്ധഭീതിയില്‍ കൂട്ടപലായനം; രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് ഒരു മലയാളിയും

പ്രവാസികളുടെ പറുദീസയാണ് എന്നും ഗള്‍ഫ് രാജ്യങ്ങള്‍. അതില്‍ കുവൈത്ത് പ്രധാനവും. വര്‍ഷങ്ങളായി ഇന്ത്യയുമായി നല്ല ബന്ധമുള്ള അറബ് രാഷ്ട്രം, ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്ന നാടാണ്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ ഉണ്ടെന്നാണ് കണക്ക്. വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന ഇന്ത്യന്‍ സമൂഹത്തിനെയാകെ ഞെട്ടിക്കുന്നതാണ് ലേബര്‍ ക്യാംപിലുണ്ടായ അപകടം. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായ അപകടത്തിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല.

ഇത് ആദ്യമായല്ല കുവൈത്ത് മലയാളികളുടെ നെഞ്ചില്‍ ആധിയുടെ കനല്‍ കോരിയിടുന്നത്. 1990ലും ഇതുപോലെ തന്നെ കുവൈത്ത് നോവായിരുന്നു. കുടുംബത്തിനായി കഷ്ടപ്പെടാന്‍ കടല്‍ കടന്നവര്‍ ജീവനോടെയുണ്ടോയെന്ന് പോലും അറിയാതെ ദിവസങ്ങളോളം വിഷമിച്ച ആയിരക്കണക്കിന് കുടുംബങ്ങളുണ്ടായിരുന്നു. ഇന്നത്തെ പോലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ സജീവമല്ലാത്ത ആ കാലത്ത് വല്ലപ്പോഴും എത്തിയിരുന്ന കത്തിനായി കാത്തിരുന്നവര്‍.

1990ലെ ഗള്‍ഫ് യുദ്ധമാണ് ഇന്നത്തെ പോലെ കുവൈത്തിനെ അന്ന് ശ്രദ്ധാകേന്ദ്രമാക്കിയത്. 1990 ഓഗസ്റ്റ് 2ന് അര്‍ദ്ധരാത്രിയിലാണ് സദ്ദാം ഹുസൈന്റെ ഇറാഖ് ഒരുലക്ഷം സൈനികരും എഴുന്നൂറോളം യുദ്ധടാങ്കുകളുമായി കുവൈത്തിലേക്ക് അതിക്രമിച്ച് കടന്നത്. കൊലയും കൊളളയും നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട് കടന്നു പോയത്. സാധാരണക്കാരന്റെ ഭക്ഷണം പോലും കൊള്ള ചെയ്യപ്പെട്ടു. ഇതോടെ പ്രവാസികള്‍ക്കും തദ്ദേശീയര്‍ക്കുമെല്ലാം പലായനം എന്നതല്ലാതെ മറ്റ് വഴികളില്ലാതായി.

1980ല്‍ ഇറാഖ് ഇറാനെ ആക്രമിച്ചതോടെയാണ് ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥതകള്‍ തുടങ്ങിയത്. ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്‍ കരുതിയതിലും വലിയ ചെറുത്തുനില്‍പ്പ് ഇറാന്റെ ഭാഗത്തു നിന്നുമുണ്ടായി. 1988വരെ യുദ്ധം നീണ്ടു. ആര്‍ക്കും വിജയം അവകാശപ്പെടാനും കഴിഞ്ഞില്ല. ഇതോടെ ഇറാഖ് സാമ്പത്തികമായി തകര്‍ന്നു. ഉത്പാദനം കുറച്ച് എണ്ണ വില വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രത്തിനൊപ്പം നില്‍ക്കാതെ വന്നതോടെയാണ് കുവൈത്തിനെ ശത്രു രാജ്യമായി സദ്ദാം കാണാന്‍ തുടങ്ങിയത്. കൂടാതെ യുദ്ധകാലത്ത് നല്‍കിയ 140 കോടി ഡോളറിന്റെ സഹായം കുവൈത്ത് തിരിച്ച് ചോദിച്ചതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെയാണ് ഒരു മുന്നറിയിപ്പുമില്ലാതെയുള്ള അധിനിവേശം ഇറാഖ് നടത്തിയത്. കാര്യമായ ചെറുത്ത് നില്‍പ്പിന് കുവൈത്തിന് കഴിഞ്ഞില്ല. ഭരണാധികാരിയുള്‍പ്പെടെ സൗദിയിലേക്ക് പലായനം ചെയ്തു.

ഇതോടെ പെരുവഴിയിലായത് ഇന്ത്യക്കാരടങ്ങുന്ന പ്രവാസികളായിരുന്നു. 1.71 ലക്ഷം ഇന്ത്യക്കാര്‍ ആ സമയത്ത് കുവൈത്തില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയെ നിലനിര്‍ത്താന്‍ പോലും കഴിയാതിരുന്ന സമയത്തും പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഇറാഖിന്റെ ബസില്‍ ബാഗ്ദാദ് വഴി ജോര്‍ദാനില്‍ എത്തിച്ചാണ് നാട്ടിലേക്ക് എത്തിച്ചത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു കോഴിക്കോട്ടുകാരനും. അന്നത്തെ പ്രധാനമന്ത്രി വിപി സിംഗ് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ചുമതല കേന്ദ്രമന്ത്രിയും മലയാളിയുമായ കെപി ഉണ്ണികൃഷ്ണനെ എല്‍പ്പിക്കുകയായിരുന്നു. സദ്ദാം ഹുസൈനെ രഹസ്യസങ്കേതത്തിലെത്തി നേരില്‍ കണ്ട് ചര്‍ച്ച നടത്തി അനുമതി വാങ്ങിയാണ് ഇന്ത്യാക്കാരെ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ എത്തിച്ചത്. അവിടെ നിന്നും വിമാനത്തില്‍ ദുബായ് വഴി ബോംബെയിലേക്ക്. അവിടെ നിന്ന് തീവണ്ടി മാര്‍ഗ്ഗം മലയാളികള്‍ കേരളത്തിലെത്തി. ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗജന്യമായി വീട്ടിലെത്തിയത്. ഇത് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തോളം സമയമെടുത്തു. ഈ സമയമത്രയും നാട്ടിലെ ബന്ധുക്കള്‍ ഉറ്റവര്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു.

പ്രധാന വരുമാനമാര്‍ഗമായ എണ്ണപ്പാടങ്ങള്‍ മുഴുവന്‍ കത്തിച്ചും അതുവരെയുണ്ടാക്കിയ പൊതുസൗകര്യങ്ങള്‍ എല്ലാം നശിപ്പിച്ചും ആിയിരുന്നു സദ്ദാമിന്റെ സൈന്യം കുവൈത്തില്‍ മുന്നേറിയത്. എന്നാല്‍ സഖ്യകക്ഷികള്‍ സഹായത്തിന് വന്നതോടെ കഥമാറി. ഇറാഖ് പിന്‍മാറാന്‍ നര്‍ബന്ധിതരായി. ഇറാഖില്‍ കടന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ പൂര്‍ണ്ണമായും സദ്ദാമിനെ തകര്‍ത്താണ് യുദ്ധം അവസാനിപ്പിച്ചത്.

യുദ്ധം കഴിഞ്ഞതോടെ കുവൈത്ത് എല്ലാം നശിച്ച അവസ്ഥയിലായിരുന്നു. എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥ. എന്നാല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ നേതൃത്വത്തില്‍ കുവൈത്ത് തിരിച്ചുവന്നു. എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്ത ഇന്ത്യാക്കാരടക്കമുളള പ്രവാസികള്‍ തിരികെ എത്തി കുവൈത്തിനൊപ്പം നിന്ന് അദ്ധ്വാനിച്ചു. അതോടെ ഇന്ന് കാണുന്ന നിലയിലെത്തി കുവൈത്ത്. ഒപ്പം നിന്ന പ്രവാസികളെ അന്നും ഇന്നും കുവൈത്ത് ഒപ്പം തന്നെ നിര്‍ത്തി. ആ കരുതലും ഇടപെടലുകളുമാണ് കഴിഞ്ഞ ദിവസമുണ്ടായ അപകട സമയത്തും കുവൈത്ത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top