മാസപ്പടി കേസില്‍ അന്വേഷണം തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ കുഴല്‍നാടന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; വിധി തെളിവുകള്‍ പരിശോധിക്കാതെ; ഉത്തരവ് റദ്ദാക്കണം

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം.

അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിനാണ് കുഴല്‍നാടന്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടത് എന്നാണ് ഹര്‍ജിയിലെ വാദം. മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്ന് മാത്യു കുഴൽ നാടൻ ഹർജിയിൽ പറയുന്നു.

ഇക്കഴിഞ്ഞ മെയ് 6ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർ‍ജി തള്ളിയത്. ഹര്‍ജിയില്‍ തെളിവുകളില്ലെന്നും ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. മാസപ്പടി നല്‍കിയ സിഎംആര്‍എല്ലിന് എന്ത് ലാഭമുണ്ടായി എന്നും വ്യക്തമാക്കിയിട്ടില്ല. ഹര്‍ജിക്കാരന്‍ ഹാജരാക്കിയ ഇ-വേ ബില്ല് തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top