കെആർഇഎംഎല്ലിന് ഭൂമി പതിച്ചു നൽകിയ നടപടി നിയമവിരുദ്ധം; സത്യം മറച്ചുവച്ച് സര്‍ക്കാര്‍ കമ്പനിക്ക് കൂട്ടുനില്‍ക്കുന്നെന്ന് കുഴല്‍നാടന്‍
തിരുവനന്തപുരം: കേരള റെയർ എർത്ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിന് (കെആർഇഎംഎൽ) 51 ഏക്കർ ഭൂമി പതിച്ചു നൽകുന്ന നടപടി നിയമവിരുദ്ധമാണെന്നും സർക്കാർ ഇതിനു കൂട്ടുനിൽക്കരുതെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഭൂമി പതിച്ചു നൽകണമെന്ന ജില്ലാ സമിതി ശുപാർശ റവന്യു വകുപ്പ് തള്ളിയിരുന്നു. തുടർന്ന് കെആർഇഎംഎൽ വീണ്ടും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും റവന്യു വകുപ്പ് വീണ്ടും ആവശ്യം തള്ളുകയായിരുന്നു. എന്നാൽ റവന്യു വകുപ്പിന്റെ ഈ നടപടി 2023 അഗസ്റ്റിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സിഎംആർഎല്ലിന്റെ സഹോദര കമ്പനിയായ കെആർഇഎംഎല്ലിന് ഖനനാനുമതി നൽകണമെന്ന ഹൈക്കോടതി വിധി 2016ൽ സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാൽ സർക്കാരിന് ആവശ്യമെങ്കിൽ, പാട്ടത്തിന് നൽകിയ സ്ഥലം തിരിച്ചെടുക്കാമെന്നും കോടതി പറഞ്ഞിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് കോടതി ഉത്തരവ് നടപ്പാക്കുന്ന വ്യാജേന സർക്കാർ കെആർഇഎംഎല്ലിന് ഭൂമി പതിച്ചു നൽകിയത്. റവന്യു വകുപ്പ് ഭൂമി നൽകുന്നതിനെ എതിർത്ത സാഹചര്യത്തിൽ ജില്ലാ സമിതിയുടെ ശുപാർശ സർക്കാർ തള്ളുകയാണ് വേണ്ടത്. അതിനുപകരം സർക്കാർ കെആർഇഎംഎല്ലിന് ഒത്താശ ചെയ്യുകയാണെന്ന് കുഴൽനാടൻ ആരോപിച്ചു.
ജില്ലാ സമിതി ശുപാര്‍ശ കെആര്‍ഇഎംഎല്ലിന് അനുകൂലമായി നില്‍ക്കുന്നതിനാൽ കേസ് കോടതിയില്‍ എത്തുമ്പോൾ വീണ്ടും കമ്പനിക്ക് അനുകൂലമായ വിധി വരും. റവന്യു വകുപ്പിന്റെ ഉത്തരവ് വീണ്ടും കോടതി തള്ളും. കോടതിയുടെ മേൽ ചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here