കെവി തോമസിനെ ഡല്‍ഹിയില്‍ ഇരുത്താന്‍ ചെലവാക്കിയത് 57 ലക്ഷം; ഇടപെടലുകള്‍ എന്തൊക്കെ എന്നതിന് വ്യക്തമായ മറുപടിയില്ല

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ പ്രവര്‍ത്തിക്കുന്ന കെവി തോമസിനായി ഖജനാവില്‍ നിന്ന് ഇതുവരെ ചിലവഴിച്ചത് 57 ലക്ഷം രൂപ. ഹോണറേറിയം, ജീവനക്കാരുടെ ശമ്പളം, വിമാന യാത്ര, ഇന്ധനം എന്നിവയ്ക്കായാണ് ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്. ഹോണറേറിയമായി കെവി തോമസ് ഇതുവരെ 19 ലക്ഷം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയതാണ് ഈ കണക്ക്.
ഹോണറേറിയം – 19,38,710, ജീവനക്കാര്‍ക്കുള്ള ശമ്പളം മറ്റ് അലവന്‍സുകള്‍ 29,75,090, വിമാനയാത്ര 7,18,460, ഇന്ധന ചെലവ് 95,206, വാഹന ഇന്‍ഷുറന്‍സ് 13,431, ഓഫീസ് ചെലവ് 1000 എന്നിങ്ങനെയാണ് കണക്കുകള്‍. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്.

കെവി തോമസ് നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ ഒരു മറുപടി നല്‍കിയിട്ടില്ല. ‘കേരളത്തിന്റെ താല്‍പര്യങ്ങള്‍ ദേശീയതലത്തില്‍ പ്രതിനിധീകരിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുമായി ഉയര്‍ന്ന തലത്തില്‍ ചര്‍ച്ചകളും വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടികാഴ്ചകളും സംഘടിപ്പിക്കുകയും സംസ്ഥാന വികസനത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ തുടര്‍ച്ചയായി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു’. ഇതായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.
കോണ്‍ഗ്രസ് വിട്ടുവന്ന തോമസിനെ 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ആദ്യം ശമ്പളം വേണ്ടെന്ന് പറഞ്ഞ തോമസ് പിന്നീട് ഹോണറേറിയം ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് ഹോണറേറിയമായി നല്‍കുന്നത്. കോളേജ് അധ്യാപകൻ ആയിരുന്നതിന്റെ പെന്‍ഷന്‍, എംപി, എംഎല്‍എ പെന്‍ഷന്‍ എന്നിവ വാങ്ങുന്ന കെവി തോമസ് ഇവയൊന്നും നഷ്ടമാകാതിരിക്കാനാണ് ശമ്പളം വേണ്ടെന്ന നിലപാട് എടുത്തതെന്ന് വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here