മോഹന്‍ലാലിന്റെ എമ്പുരാനും ബാറ്റ്മാന്റെ ഗോതം സിറ്റിയും തമ്മിലെന്ത്?; സൂചന നല്‍കി പൃഥ്വിരാജ്
മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എല്‍2: എമ്പുരാന്‍’. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എമ്പുരാന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ സംവിധായകന്‍ പൃഥ്വിരാജ് ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രം ബാറ്റ്മാന്റെ ‘ഗോതം’ സിറ്റിയെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്.
ആദ്യം ഒരു പാലത്തിന്റെ ചിത്രമാണ് പൃഥ്വി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്. എന്നാല്‍ രണ്ടാമത്തെ സ്റ്റോറിയില്‍ സില്‍വര്‍കപ്പ് സ്റ്റുഡിയോസിന്റെ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ച വാക്കുകളാണ് പ്രേക്ഷകരില്‍ ആകാംക്ഷയും കൗതുകവും നിറച്ചിരിക്കുന്നത്. ‘എനിക്ക് മാത്രമാണോ ഗോതം വൈബ് കിട്ടുന്നത്’ എന്നെഴുതി കൂടെ ഒരു വവ്വാലിന്റെ ഇമോജിയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇത് ബാറ്റ്മാനെ ഓര്‍മിപ്പിക്കുന്നതാണ്. എമ്പുരാന്റെ കഥയെക്കുറിച്ചുള്ള സൂചനകളാണോ പൃഥ്വി നല്‍കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്.
ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ എമ്പുരാനില്‍ അബ്രഹാം ഖുറേഷി ആയാണ് തിരിച്ചെത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തില്‍ തിരിച്ചെത്തുന്നുണ്ട്. മുരളി ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
അമേരിക്കയിലെ ചിത്രീകരണം പൂര്‍ത്തിയായാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ആടുജീവിതത്തിന്റെ പ്രമോഷന്‍ തിരക്കുകളിലേക്കായിരിക്കും പൃഥ്വിരാജ് തിരിച്ചെത്തുന്നത്. മാര്‍ച്ച് 28നാണ് ബ്ലെസി ചിത്രം ആടുജീവിതം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here