‘എല്‍360’ വിന്റേജ് മോഹന്‍ലാലിനെ വീണ്ടെടുക്കാനുള്ള ശ്രമമല്ലെന്ന് തരുണ്‍ മൂര്‍ത്തി
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന എല്‍360. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍-സ്‌ക്രീന്‍ ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാല്‍ വിന്റേജ് മോഹന്‍ലാലിനെയല്ല താന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
“ലാല്‍ സാറിന്റെ ചിരി, നോട്ടം, കുസൃതികള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഇഷ്ടമാണ്. പക്ഷേ അതൊന്നും റീ ക്രിയേറ്റ് ചെയ്യാന്‍ നോക്കണ്ട എന്നാണ് ആദ്യമേ തീരുമാനിച്ചത്. വിന്റേജ് എന്ന് പേരില്‍ ഒന്നും റിക്രിയേറ്റ് ചെയ്യണ്ട എന്നായിരുന്നു തീരുമാനം. തിരക്കഥയ്ക്ക് അനുയോജ്യമായ തരത്തില്‍ മോഹന്‍ലാല്‍ എന്ന നടനിലുള്ള ചില നിഷകളങ്ക ഭാവങ്ങള്‍, കൗതുകകരമായ അഭിനയ മൂഹൂര്‍ത്തങ്ങള്‍ എന്നിവ പുതുതായിട്ട് ഉണ്ടാക്കാന്‍ നോക്കുക എന്നതായിരുന്നു തീരുമാനം. വിന്റേജ് എന്നതിനെ ഒരു മാര്‍ക്കറ്റിംഗ് ടൂളായിട്ട് വയ്ക്കാനോ വിന്റേജ് ലാലേട്ടനെപ്പോലെയുണ്ട് എന്ന് പറയിപ്പിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ നമുക്ക് കുറച്ചു നാളായിട്ട് മുണ്ട് ഒക്കെ ഉടുത്ത് നടക്കുന്ന ഒരു ലാലേട്ടന്‍ മിസ്സിംഗ് ആണ്. അങ്ങനെ മുണ്ടുടുത്ത് നടക്കുന്ന ഒരു പുതിയ ലാലേട്ടനെ ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, അത് എത്രത്തോളം വിജയിക്കും എന്ന് പറയേണ്ടത് പ്രേക്ഷകനാണ്,” തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. മോഹന്‍ലാലിന്റെ കരിയറിലെ 360-മത് ചിത്രമായതുകൊണ്ടാണ് എല്‍360 എന്നു വിളിക്കുന്നത്. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റാന്നിക്കാരനായ ടാക്‌സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here