ജില്ലാ ആശുപത്രിയിൽ 13കാരിയെ പീഡിപ്പിച്ചു; സർക്കാർ ആശുപത്രികളിലെ ബലാത്സംഗം തുടർക്കഥയാവുന്ന ബംഗാൾ

കൊൽക്കത്തയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോകടർക്ക് നീതിതേടി സമരം തുടരുന്ന പശ്ചിമ ബംഗാളിൽ സർക്കാർ ആശുപത്രികളിൽ ലൈംഗികാതിക്രമങ്ങൾ തുടർക്കഥയാവുന്നു. ഇന്നലെ രണ്ട് ലൈംഗികാതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൗറയിലെ ജില്ലാ ആശുപത്രിയിൽ 13 വയസുകാരിയെ പീഡിപ്പിച്ച ലബോറട്ടറി ടെക്നീഷ്യൻ അമൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി സിടി സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം 10 മണിയോടെയാണ് സംഭവം. പീഡനവിവരം പുറത്തറിഞ്ഞതോടെ ഇരയുടെ കുടുംബവും ബന്ധുക്കളും പ്രതിഷേധവുമായി ആശുപത്രിലെത്തി. ഇതിനിടയിൽ പ്രതിയെ ആൾക്കൂട്ടം കൈകാര്യം ചെയ്തു. പെൺകുട്ടിയുടെ അമ്മ അതിക്രമ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസാണ് ആൾക്കൂട്ടം കൈകാര്യം ചെയ്തു കൊണ്ടിരുന്ന പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇന്നലെ ഇന്നലെ രാത്രി ബംഗാളിലെ ബിർഭം ഇലംബസാർ ഹെൽത്ത് സെൻ്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് രോഗിയുടെ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നഴ്സിൻ്റെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയായിരുന്നു. തൻ്റെ ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു പ്രതിയുടെ അതിക്രമം. ആശുപത്രിയിൽ മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് ഇത്തരം ദുരവസ്ഥ നേരിടേണ്ടി വരുന്നതെന്ന് ഇര പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്നവർ പോലും പ്രതിയെ തടഞ്ഞില്ല. തൻ്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഡ്യൂട്ടിയിലുള്ള ഒരാളോട് ഇത്തരമൊരു കാര്യം ചെയ്യാൻ ഒരു രോഗിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് നഴ്സ് ചോദിച്ചു.

ആഗസ്റ്റ് 9ന് പുലർച്ചെയായിരുന്നു കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിരുന്നു. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സിവിക് പോലീസ് ഓഫീസറായിരുന്ന സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആശുപത്രിൽ നടന്ന അരുംകൊലയിൽ രാജ്യവ്യാപകമായ പ്രതിഷേധമാണുയർന്നത്. കേരളത്തിലുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി സ്ഥലത്ത് സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പ്രതിഷേധിച്ച് പണിമുടക്കിയിരുന്നു. സുപ്രീം കോടതി ഇടപെടലിനെ തുടർന്നായിരുന്നു സമരം അവസാനിപ്പിച്ചത്. ബംഗാളിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുമ്പോഴാണ് തുടർച്ചയായി സർക്കാർ ആശുപത്രികളിൽ നിന്നും പീഡന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top