വെടിവച്ചത് ലേഡി ഡോക്ടര്‍; ഷിനിയുടെ ഭർത്താവിന്റെ പരിചയക്കാരി എന്ന് സൂചന

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മയെ വെടിവച്ചത് ലേഡി ഡോക്ടര്‍. കൊല്ലം സ്വദേശിനിയായ ദീപ്തിയാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് പ്രതി. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ വഞ്ചിയൂര്‍ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിന്റെ പരിചയക്കാരിയാണ് ലേഡി ഡോക്ടര്‍ എന്നാണ് വിവരം.

ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം നഗരത്തില്‍ വീട്ടമ്മക്ക് നേരെ ആക്രമണമുണ്ടായത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേനെ വീട്ടിലെത്തിയാണ് ദീപ്തി എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. മുഖം മറച്ചെത്തിയ ദീപ്തി വെടിവച്ച ശേഷം അതിവേഗത്തില്‍ രക്ഷപെടുകയായിരുന്നു. വ്യക്തി വൈരാഗ്യമെന്ന് ഉറപ്പിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. ഷിനിയെ നേരിട്ടറിയാത്ത എന്നാല്‍ ഷിനിയോട് മാത്രം വൈരാഗ്യമുള്ള ഒരു സ്ത്രീ നടത്തിയ ആക്രമണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. വെടിവച്ച സ്ത്രീ മുഖം പൂര്‍ണ്ണമായും മറച്ച് എത്തിയതിനാല്‍ തിരിച്ചറിയാന്‍ ഷിനിക്കോ കുടുംബത്തിനോ കഴിഞ്ഞിരുന്നില്ല.

മാലദ്വീപിലുള്ള ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് വീട്ടിലേക്ക് കൊറിയര്‍ വഴി സാധനങ്ങള്‍ അയക്കുന്നത് പതിവാണ്. ഇക്കാര്യം ആക്രമണത്തിന് വന്ന യുവതിക്ക് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് കൊറിയര്‍ നല്‍കാനെന്ന വ്യാജേന എത്തി ആക്രമിച്ചത്. ഷിനി പുറത്തേക്ക് വന്നപ്പോള്‍ പലതവണ പേര് ആവര്‍ത്തിച്ച് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് വെടിവച്ചതും. ഇതില്‍ നിന്നാണ് വെടിവച്ച യുവതിക്ക് ഷിനിയെ മുന്‍പരിചയം ഇല്ല എന്ന വിലയിരുത്തലില്‍ പോലീസെത്തിയത്.

വ്യക്തിവൈരാഗ്യമെന്ന നിലയിലാണ് ഷിനിയുടെ ഭര്‍ത്താവിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഷിനിയുടെ മൊഴിയും രേഖപ്പെടുത്തി. ഫോണ്‍ വിവരങ്ങളും പരിശോധിച്ചിരുന്നു. കൂടാതെ വെടിവച്ച ശേഷം യുവതി വന്ന വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാര്‍ പോയതും കൊല്ലം ഭാഗത്തേക്കായിരുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top