കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് രോഗിക്കൊപ്പം എത്തിയ സ്ത്രീയുടെ മര്‍ദനം; മുഖത്തടിയേറ്റത് ഡോക്ടര്‍ ജാന്‍സി ജെയിംസിന്; പൊലീസ് നടപടി വൈകിയെന്നും ആരോപണം
കൊല്ലം : ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടര്‍ക്ക് മര്‍ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചതായി ഡോക്ടര്‍ ജാന്‍സി ജെയിംസ് പരാതി നല്‍കി. അസഭ്യം പറഞ്ഞതായും വധഭീക്ഷണി മുഴക്കിയതായും ഡോക്ടര്‍ ആരോപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ഒരു കുടുംബത്തില്‍ നിന്നുളള രണ്ട് രോഗികളാണ് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തിയത്. ഇവര്‍ക്കൊപ്പം അഞ്ചുപേരും എത്തിയിരുന്നു. ഒരു രോഗിക്കൊപ്പം ഒരാള്‍ നില്‍ക്കണമെന്നും മറ്റുളളവര്‍ പുറത്ത് പോകണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതില്‍ തര്‍ക്കമുണ്ടായി. പിന്നാലെ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് സംബന്ധിച്ചും തര്‍ക്കമുണ്ടായി. ഇതിനിടയില്‍ കൂടെയെത്തിയ സ്ത്രീ മുഖത്തടിച്ചെന്നാണ് പരാതി. അടിയില്‍ കമ്മല്‍ തെറിച്ചു പോയതായും പരാതിയില്‍ പറയുന്നുണ്ട്.
ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. രാത്രി സ്ഥലത്ത് എത്തിയ പൊലീസ് നടപടിയൊന്നും സ്വീകരിക്കാതെ മടങ്ങി. ഇന്ന് രാവിലെ ഡോക്ടര്‍ വീണ്ടും പരാതി ഉന്നയിച്ചതോടെയാണ് ചവറ പൊലീസ് മൊഴി രേഖപ്പെടുത്തിയതും കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here