ലക്ഷക്കണക്കിന് അക്കൗണ്ടുകൾ ഡിലീറ്റാകും; ഗൂഗിൾ ഉപയോക്താക്കൾ ജാഗ്രതൈ
മുംബൈ: ദീർഘകാലമായി ഉപയോഗിക്കാത്ത ജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. അടുത്ത മാസത്തോടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന നടപടികൾ ആരംഭിക്കും. രണ്ടുവർഷമായി നിഷ്ക്രിയമായി തുടരുന്ന ദശലക്ഷക്കണക്കിന് ജി-മെയിൽ അക്കൗണ്ടുകളാണ് ഗൂഗിൾ നിർജീവമാക്കാനൊരുങ്ങുന്നത്. രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റാകും.
അക്കൗണ്ട് നിർജീവമാകുന്നതോടെ ജി മെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കം ഉൾപ്പെടെ നഷ്ടപ്പെടും. നിർജീവ അക്കൗണ്ടുകൾ സജീവ അക്കൗണ്ടുകളേക്കാൾ അപകടകരമാണെന്നാണ് ഗൂഗിളിൻ്റെ വിലയിരുത്തൽ. ഇത്തരം അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പല കുറ്റകൃത്യത്തിനും ഉപയോഗിക്കാനും സാധ്യതയുണ്ട്. എന്നാൽ സ്കൂളുകൾ അല്ലെങ്കിൽ ബിസിനസ് പോലുള്ള സ്ഥാപനങ്ങൾക്കുള്ള അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.
നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സജീവമായി നിലനിർത്താനുള്ള ഏറ്റവും ലളിതമായ മാർഗം രണ്ട് വർഷത്തിലൊരിക്കൽ സൈൻ ഇൻ ചെയ്യുക എന്നതാണ്. ജി മെയിൽ പരിശോധിക്കുക, യൂട്യൂബ് വിഡിയോ കാണുക, ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതൊക്കെ അക്കൗണ്ട് സജീവമാക്കി നിർത്താനുള്ള മറ്റ് മാർഗങ്ങളാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here