നഗരം ഭക്തിസാന്ദ്രം; ലക്ഷങ്ങളുടെ ആത്മനൈവേദ്യമായി ആറ്റുകാലമ്മയ്ക്ക് നാളെ പൊങ്കാല

തിരുവനന്തപുരം: ഒരാണ്ട് നീണ്ട കാത്തിരിപ്പിന്‍റെയും വ്രതാനിഷ്ഠയുടെയും സാഫല്യമായ ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ സ്ത്രീ സഹസ്രങ്ങള്‍ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. ക്ഷേത്രപരിസരത്തും റോഡിന്‍റെ വശങ്ങളിലും പൊങ്കാല അടുപ്പുകള്‍ നിരന്നു കഴിഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനായി ദിവസങ്ങള്‍ക്ക് മുന്‍പേ സ്ഥലം ബുക്ക് ചെയ്തവരുമുണ്ട്.

നാളെ രാവിലെ 10 മണിക്ക് പുണ്യാഹത്തോടെയാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്. തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍‌ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പില്‍ പകരുന്നതോടെ കിലോമീറ്ററുകളോളം നീണ്ട അടുപ്പുകള്‍ ജ്വലിച്ച് തുടങ്ങും. രണ്ടരയ്ക്ക് ഉച്ച പൂജയ്ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ ഈ സമയം പുഷ്പവൃഷ്ടി നടത്തും.

പൊങ്കാലയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരിക്കിയിരിക്കുന്നത്. ആയിരത്തോളം പോലീസുകാരാണ് സുരക്ഷയൊരുക്കുക. ആരോഗ്യ വകുപ്പും അടിയന്തര ഘട്ടത്തില്‍ ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്.

ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം, അഞ്ച് പ്രത്യേക സ്‌ക്വാഡുകള്‍ എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top